കേരള സംഗീത നാടക അക്കാദമി 2020 ലെ ഗുരുപൂജ പുരസ്കാരം
പി വി കെ പനയാലിന്
ഉദുമ: കേരള സംഗീത നാടക അക്കാദമി 2020 ലെ ഗുരുപൂജ പുരസ്കാരം നേടിയ പി വി കെ പനയാല്‍ നാടിന് അഭിമാനമായി.
പതിനേഴാം വയസ്സില്‍ തച്ചങ്ങാട് യുവജനകലാസമിതിക്ക് വേണ്ടി നാടകമെഴുതിയാണ് പനയാല്‍ മാഷ് നാടക രംഗത്തേക്ക് വരുന്നത്. ‘അവസാന രംഗം’ എന്ന രണ്ട് മണിക്കൂര്‍ നീളുന്ന ഒറ്റ രംഗം മാത്രം ഉള്ള നാടകം നാടക സങ്കല്പങ്ങളെ പൊളിച്ചെഴുതി ഏറെ ശ്രദ്ധേയമായി. പനയാല്‍ മാഷിന്റെ ‘ചെറിയ മരം വലിയ മരം’ നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകമാണ്. തെലങ്കാന സമരത്തിന്റെ പശ്ചാത്തലത്തില്‍ ‘സൂര്യാപേട്ട് ‘ എന്ന നോവല്‍ കണ്ണൂര്‍ സംഘചേതന നാടകമായി അവതരിപ്പിച്ചിരുന്നു.
പനയാല്‍ മാഷ് കാസര്‍കോട് ജില്ലയിലെ പനയാല്‍ ഗ്രാമത്തില്‍ 1949ല്‍ ജനിച്ചു. പ്രൈമറി സ്കൂള്‍ പ്രധാന അധ്യാപകനായി പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത എ.കെ.ജി. എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് പനയാല്‍ മാഷായിരുന്നു.
പ്രധാന കൃതികള്‍
തലമുറകളുടെ ഭാരം (നോവല്‍)
സൂര്യാപേട്ട് (നോവല്‍)
ഖനിജം (നോവല്‍)
അടിത്തട്ടിലെ ആരവങ്ങള്‍ (കഥാസമാഹാരം)
പ്രധാന പുരസ്കാരങ്ങള്‍
‘തലമുറകളുടെ ഭാരം’ എന്ന നോവലിന് ചെറുകാട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ‘സൂര്യാപേട്ട്’ എന്ന നോവലിന് അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു. നാടകരചനയ്ക്ക് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2009ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.