യൂട്യൂബ് ലൈവിനിടെ ഒറ്റയിരിപ്പിന് ഒന്നര ലിറ്റർ വോട്ക അകത്താക്കി 60കാരൻ, ആളുകൾ നോക്കിയിരിക്കെ
60കാരന് ദാരുണാന്ത്യം
മോസ്കോ: ഒറ്റയിരിപ്പിന് വോട്ക കഴിക്കുന്ന ചലഞ്ച് ഏറ്റെടുത്ത് യൂട്യൂബിൽ ലൈവ് നൽകി. വീഡിയോ തീരും മുമ്പ് റഷ്യൻ സ്വദേശിക്ക് ദാരുണാന്ത്യം. ഒന്നര ലിറ്റർ വോട്കയാണ് ലൈവിൽ റഷ്യക്കാരാനായ ഇയാൾ കുടിച്ച് തീർത്തത്. കാഴ്ചക്കാർ ലൈവ് കണ്ടുകൊണ്ടിരിക്കെയായിരുന്നു ഗ്രാന്റ്ഫാദർ എന്നറിയപ്പെടുന്ന റഷ്യൻ സ്വദേശിയുടെ അന്ത്യം.
ഒരു യൂറ്റ്യൂബർ ആണ് ഇത്തരമൊരു സാഹസത്തിന് ഇയാളെ ലൈവിൽ ക്ഷണിച്ചത്. പണം ലഭിക്കുമെന്നതിനാലാണ് വീട് പോലും ഇല്ലാത്ത ഇയാൾ ഇത്തരമൊരു പ്രവർത്തിയിലേക്ക് വന്നതെന്നാണ് റിപ്പോർട്ടുകൾ. ചലഞ്ച് ഏറ്റെടുത്ത് ഒന്നര ലിറ്റർ മദ്യം കഴിക്കുകയായിരുന്നു ഇയാൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റാണ് ഇത്തരം ചലഞ്ചുകൾ. ആരെയെങ്കിലും ശ്രമകരമായ ഒരു കാര്യത്തിന് ചലഞ്ച് ചെയ്യുക, ഇത് ഏറ്റെടുത്ത് ലൈവ് ആയി ചെയ്ത് കാണിക്കുക. ഇത്തരത്തിലാണ് യൂട്യൂബ്, ഫേസ്ബുക്ക് അടക്കമുള്ള സ്ഥലങ്ങളിൽ ചലഞ്ചുകൾ നടക്കുന്നത്.
60 വയസ്സുകാരനായ യുരി ദുഷെച്കിൻ ആണ് മരിച്ചതെന്ന് ദി ഇന്റിപെന്റന്റ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ റഷ്യൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതായി റഷ്യൻ സെനറ്റർ അലെക്സി പുഷ്കോവ് പറഞ്ഞു.