കസേര കളി തുടങ്ങി: ഡിജിപി കസേരയ്ക്ക് ഐപിഎസുകാർ ചേരിതിരിഞ്ഞു വടംവലി
തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സിബിഐ ഡയറക്ടർ സ്ഥാനത്തേക്കുള്ള പാനലിൽ. പിന്നാലെ കേരളത്തിലെ ഐപിഎസുകാർ ചേരിതിരിഞ്ഞ് ഡിജിപി കസേരയ്ക്കു പിടിവലി തുടങ്ങി. സീനിയോറിറ്റിയിൽ മുന്നിലുള്ള ടോമിൻ തച്ചങ്കരിക്കും രണ്ടാമനായ സുധേഷ് കുമാറിനും വേണ്ടിയാണു നീക്കങ്ങൾ. തച്ചങ്കരിക്കെതിരായ വിജിലൻസ് കേസിൽ അദ്ദേഹത്തിന്റെ തന്നെ അപേക്ഷയിൽ മുഖ്യമന്ത്രി നേരിട്ടു തുടരന്വേഷണം പ്രഖ്യാപിച്ചു. ഉടൻ അന്വേഷണം പൂർത്തിയാക്കാനാണു നിർദേശം. റിപ്പോർട്ട് കോടതിയും അംഗീകരിക്കുകയാണെങ്കിൽ തച്ചങ്കരിക്കു സാധ്യത കൂടും. മറിച്ചെങ്കിൽ സുധേഷ് കുമാറിനെ മേധാവിയാക്കണമെന്നാണു മറുപക്ഷത്തിന്റെ വാദം.
ബെഹ്റയുടെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറി. കഴിഞ്ഞ ഒന്നിനു പുതിയ ഡയറക്ടറെ നിയമിച്ചെങ്കിലും അദ്ദേഹത്തിന് ഒരു മാസത്തെ സർവീസേ ബാക്കിയുള്ളൂ. ബെഹ്റ ജൂൺ 30നും ജയിൽ മേധാവി ഋഷിരാജ് സിങ് ജൂലൈ 30നും വിരമിക്കും. സിങ്ങിനെ പാനലിൽ ഉൾപ്പെടുത്തിയിട്ടില്ല.
ബെഹ്റ വിരമിക്കുന്നതിനു 3 മാസം മുൻപു മാത്രം പുതിയ ഡിജിപിയുടെ 5 അംഗ പാനൽ കേന്ദ്രത്തിനു നൽകിയാൽ മതി. ഇതു പരിശോധിച്ച് 2 വർഷം സർവീസുള്ളവരെയും കേസില്ലാത്തവരെയും ഉൾപ്പെടുത്തി മൂന്നംഗ പാനൽ കേന്ദ്രം മടക്കും. അതിലൊരാളെ സംസ്ഥാന സർക്കാരിനു തിരഞ്ഞെടുക്കാം.
സിബിഐയിലേക്കു വഴി തുറന്നില്ലെങ്കിൽ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായും (സിഎംഡി) ബെഹ്റയെ സർക്കാർ പരിഗണിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷമേ ഇപ്പോഴത്തെ സിഎംഡി വി.ജെ. കുര്യന്റെ കാലാവധി കഴിയൂ. അതിനാൽ തങ്ങളുടെ വിശ്വസ്തനെ എവിടെ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സർക്കാരും തല പുകയ്ക്കുന്നുണ്ട്. ഇതെല്ലാം കണ്ടാണ് ഒരു വിഭാഗം ഉന്നത ഐപിഎസുകാർ ചേരി തിരിഞ്ഞ് ഇഷ്ടക്കാരനെ പൊലീസ് മേധാവിയുടെ കസേരയിൽ എത്തിക്കാൻ ശ്രമിക്കുന്നത്.