പ്രളയ ഭീഷണിയില്‍നിന്നു കരകയറാന്‍ നിന്ന നില്പില് വീട് ഉയര്‍ത്തി നിലനിര്‍ത്തുന്ന കൗതുക വിദ്യ; കണ്‍നിറയെ കണ്ട് നാട്ടുകാര്‍
പാലക്കാട്:നിന്ന നില്പില് വീട് ഉയര്‍ത്തി നിലനിര്‍ത്തുന്ന കൗതുക വിദ്യയെക്കുറിച്ചു കേള്‍ക്കാറുണ്ടെങ്കിലും കുലുക്കല്ലൂര്‍ ഗ്രാമവാസികള്‍ അത് ആദ്യമായി നേരിട്ടു കണ്ടു. ഇടുതറ മക്കര പുത്തന്‍വീട്ടില്‍ നാരായണന്റെ ഇരുനില വീടാണ് 3 അടിയോളം ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ടു പ്രളയത്തിലും വീട്ടിലേക്കു വെള്ളം കയറിയിരുന്നു. ദിവസങ്ങളോളം വീട് വെള്ളത്തിനടിയിലായി. സമീപത്തെ തോട് കരകവിഞ്ഞ് കഴിഞ്ഞ മഴക്കാലത്തും മുറ്റം വരെ വെള്ളം എത്തി.
പ്രളയ ഭീഷണിയില്‍നിന്നു കരകയറാന്‍ എന്തു മാര്‍ഗം എന്ന അന്വേഷണത്തിലായിരുന്നു നാരായണനും കുടുംബവും. അങ്ങനെ ഹരിയാനയിലെ ‘ആശീര്‍വാദ്’ ഹൗസ് ലിഫ്റ്റിങ് കമ്ബനിയെക്കുറിച്ചു വിവരം ലഭിച്ചു.
കമ്ബനി അധികൃതര്‍ വീടിന്റെ അവസ്ഥ വിലയിരുത്തി കരാര്‍ ഏറ്റെടുത്തു. ചുമരിനും ജനാലകള്‍ക്കും കോണിപ്പടിക്കും അടക്കം ഒരു കേടും സംഭവിക്കാതെയാണ് 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള, 18 വര്‍ഷം പഴക്കമുള്ള വീട് ഉയര്‍ത്തിയത്.
നൂറ്റിയന്‍പതിലേറെ ഇരുമ്ബ് ജാക്കികളുടെ സഹായത്തോടെയായിരുന്നു പ്രവൃത്തി. വീടിന്റെ നാലു ഭാഗവും ജാക്കികള്‍ സ്ഥാപിച്ച് ചുമര് തറയില്‍നിന്ന് ഉയര്‍ത്തി തറപ്പണി അവസാന ഘട്ടത്തിലാണ്. ഉയര്‍ത്തിയ ഭാഗത്ത് വെട്ടുകല്ല് ഉപയോഗിച്ചു പടവു പൂര്‍ത്തിയാക്കി ജാക്കികള്‍ അഴിച്ചെടുക്കും. കഴിഞ്ഞ മാസം 18നാണു പ്രവൃത്തി ആരംഭിച്ചത്. മൂന്നു മാസത്തിനകം വീട് ഉയര്‍ത്തി നല്‍കാമെന്നാണു കരാര്‍. മൂന്നര ലക്ഷം രൂപയാണു ചെലവ്. കൗതുക സംഭവം കാണാന്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്.