ഒരു സർപ്രൈസ് ഉണ്ടാകും, സിപിഎം ആവശ്യപ്പെട്ടാല്‍ മത്സരിക്കും;ആഗ്രഹം പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: സിപിഎം ആവശ്യപ്പെട്ടാല്‍ തൃക്കാക്കരയില്‍ മത്സരിക്കുമെന്ന് സെബാസ്റ്റ്യന്‍ പോള്‍. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാണ്. പാര്‍ട്ടി തീരുമാനത്തില്‍ എപ്പോഴും ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മകന്റെ സാധ്യതയും തള്ളാതെയാണ് സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചത്. പാര്‍ട്ടിയുമായി ഏറെ ബന്ധമുള്ളത് മകനാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വീകാര്യത പുതുമുഖങ്ങള്‍ക്ക് കിട്ടാറുണ്ട്. പരിചയ സമ്പത്തും യുവത്വവും തമ്മില്‍ സമതുലനം വേണമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരിഗണന നല്‍കാനും പതിവ് മുഖങ്ങളെ ഒഴിവാക്കാനും സിപിഎമ്മില്‍ ധാരണയായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെയും 2016 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെയും മാറ്റിനിര്‍ത്താനാണ് സിപിഎം ആലോചിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദത്തില്‍ ഒന്നിച്ച് കടപുഴകിയ വമ്പന്മാര്ക്ക് നിയമസഭയില്‍ അവസരം നല്‍കണമോ എന്നതാണ് പ്രധാന ചര്‍ച്ച. ആദ്യഘട്ട ചര്‍ച്ചകള്‍ പ്രകാരം സ്ഥിരം മുഖങ്ങളെന്ന വിമര്‍ശനം ഒഴിവാക്കാന്‍, ലോകസഭയില്‍ മത്സരിച്ച പലര്‍ക്കും വഴിയടയും.