കാസര്‍കോട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യുന്ന ഓരോ വോട്ടിനും വിലയുള്ള മഞ്ചേശ്വരത്ത് സാമാന്യം വോട്ട് ബാങ്കുള്ള അബ്ദുള്‍ നാസര്‍ മഅദനി നയിക്കുന്ന പി.ഡി.പിയുടെ വോട്ടുകള്‍ ആര്‍ക്കായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് അനുകൂലമായി നിലപാട് എടുക്കുകയും വോട്ടുകള്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്ത പി.ഡി.പി പ്രവര്‍ത്തകര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് പറയുന്നത്.
കേരള രാഷ്ട്രീയത്തില്‍ പലപ്പോഴും അബ്ദുള്‍ നാസര്‍ മഅദനി ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്. ഇടത് അനുകൂല നിലപാടുകളില്‍ മാറ്റം വേണോ എന്ന കാര്യത്തില്‍ പി.ഡി.പി സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തെങ്കിലും തീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ താല്പര്യം കൂടി പരിഗണിച്ച് പി.ഡി.പി നിലപാട് രണ്ട് ദിവസം കഴിഞ്ഞു പാര്‍ട്ടി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി ബംഗളൂരുവില്‍ പ്രഖ്യാപിക്കുമെന്നാണ് പി.ഡി.പി സംസ്ഥാന ഭാരവാഹി ബഷീര്‍ കുഞ്ചത്തൂര്‍ പറഞ്ഞത്.
2006 ലും 2011 ലും മണ്ഡലത്തില്‍ പി.ഡി.പിയുടെ പിന്തുണ എല്‍.ഡി.എഫിനായിരുന്നു. 2016ല്‍ ബഷീര്‍ കുഞ്ചത്തൂര്‍ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം പാര്‍ട്ടി ചെയര്മാന് സ്ഥാനാര്‍ത്ഥിയെ മരവിപ്പിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി, കുമ്ബള, ഉപ്പള ഡിവിഷനുകളില്‍ തനിച്ചു മത്സരിച്ചിരുന്ന പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ക്ക് 6800 വോട്ടുകള്‍ കിട്ടിയിരുന്നു. മംഗല്പാടി, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തുകളില്‍ പി.ഡി.പിക്ക് ഓരോ മെമ്ബര്മാരുമുണ്ട്. മഞ്ചേശ്വരം,ഹൊസങ്കടി, പുത്തിഗെ, പൊസോട്ട് , ആരിക്കാടി, ബംബ്രാണ, മുളിയടുക്കം തുടങ്ങിയ പ്രദേശങ്ങള്‍ പി.ഡി.പിക്ക് സ്വന്തമായി വോട്ടുള്ള കേന്ദ്രങ്ങളാണ്.എന്നാൽ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് വിലപേശലായാണ് .യു .ഡി.എഫ്.കരുതുന്നത്.എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത്തരം നമ്പറുകൾ അവതരിപ്പിക്കാറുണ്ടെന്നും ഇതിനെ ഗൗരവമാക്കേണ്ടതില്ലെന്നാണ് മുസ്ലിംലീഗിഗിലെ അഭിപ്രായം.