നീലേശ്വരം: ചന്തേര ഒളവറ റോഡ് നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം. 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചന്തേര ഒളവറ റോഡ് നിര്‍മ്മാണത്തിലാണ് അഴിമതി ആരോപണമുയര്‍ന്നത്. രണ്ടുവര്‍ഷം മുമ്പ് പൂര്‍ത്തിയായ റോഡ് മൂന്ന് വര്‍ഷം വരെ സംരക്ഷിക്കേണ്ടത് റോഡ് നിര്‍മ്മിച്ച കരാറുകാരനാണ്. റോഡില്‍ മണ്ണിട്ട് ഉയരം വര്‍ദ്ധിപ്പിക്കേണ്ട ഭാഗം ഉയരാത്തത് മൂലം ഗതാഗതം ക്ലേശകരമാണെന്നും, ഒരുകോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓട നിര്‍മ്മാണം അശാസ്ത്രീയമായ രീതിയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി അയച്ചത്. റോഡിന്റെ വശങ്ങളില് നടത്തിയ നിര്‍മ്മാണ പ്രവൃത്തിയില്‍ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. കാസര്‍കോട് വിജിലന്‍സ് സിഐ, സിബി തോമസിന്റെ നേതൃത്വത്തിലാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. അന്വേഷണത്തില്‍ നാട്ടുകാരുടെ പരാതിയില്‍ കാര്യമുണ്ടെന്ന് വ്യക്തമായി. സിമന്റും കല്ലുമിളകി റോഡും വശങ്ങളിലും തകര്ച്ചയുള്ളതായി വിജിലന്‍സ് കണ്ടെത്തി. ചട്ടഞ്ചാല്‍ സ്വദേശിയായ കരാറുകാരനാണ് 10 കോടി രൂപയ്ക്ക് റോഡ് നിര്‍മ്മാണവും പുറമെ ഒരു കോടി രൂപയ്ക്ക് ഓട നിര്‍മ്മാണവും ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.