തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ നിയോജക മണ്ഡത്തില്‍ പടന്നഗ്രാമ പഞ്ചായത്തിനെയും പിലിക്കോട് ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂസ ഹാജിമുക്ക് മാങ്കടവത്ത് റോഡില്‍ തോട്ടുകര പുഴക്ക് കുറുകെ പുതുതായി നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയില്‍ മുടങ്ങിക്കിടന്ന നിരവധി പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.
തോട്ടുകര പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ പടന്ന, പിലിക്കോട് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏഴ് കിലോമീറ്ററോളം അധിക യാത്ര ഒഴിവായി. ദേശീയപാതയിലേക്ക് വളരെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്നത് പാലത്തിന്റെ പ്രത്യേകത. എട്ട് കോടി 85 ലക്ഷം രൂപയായിരുന്ന പദ്ധതിയുടെ ഭരണാനുമതി. 22.32 മീറ്റര്‍ നീളവും11.05 മീറ്റര്‍ വീതിയുമുള്ള മൂന്നു സ്പാനോട് കൂടി ആകെ 66.96 മീറ്റര്‍ നീളവും ഇരുവശവും നടപ്പാതയോടുകൂടിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന് എം പി മുഖ്യാതിഥിയായി. തൃക്കരിപ്പൂര്‍ മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി മുഹമ്മദ് അസ്ലം, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രസന്നകുമാരി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി കെ സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം സുമേഷ്, ടി രതി, പടന്ന ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ കെ ജാസ്മിന്, വി ലത, വിവിധ കക്ഷി നേതാക്കളായ സി കുഞ്ഞികൃഷ്ണന്, എ അമ്പൂഞ്ഞി, വി കെ സി ഹമീദലി, സുരേഷ് പുതിയേടത്ത്, എം ഭാസ്കരന്, ഇ നാരായണന്, ഹനീഫ ഹാജി, പി എം സുരേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് ചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ (പാലങ്ങള്‍) പി കെ മിനി സ്വാഗതവും പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍) അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി എം സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു