ആരവവും ആൾക്കൂട്ടവും ആഘോഷവുമില്ലാതെ കോവിഡ്കാല കലംകനിപ്പ്
പാലക്കുന്ന് : കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ച് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നടന്ന കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം ഇത്തവണ ആൾക്കുട്ടവും ആരവവും
ആഘോഷവുമില്ലാതെ ചടങ്ങിൽ ഒതുങ്ങി. രാവിലെ പത്തുമണിയോടെ ഭൺഡാര വീട്ടിൽ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തിൽ സമർപ്പിച്ച ശേഷം കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിലെ തീയ്യ സമുദായക്കാരുടെ വീടുകളിൽ നിന്ന് വ്രതശുദ്ധിയോടെ സ്ത്രീകൾ കല ങ്ങളുമായി ക്ഷേത്രത്തിലെത്തി. ഇതര സമുദായക്കാരും കലംകനിപ്പ് നേർച്ച സമർപ്പിക്കാറുണ്ടെങ്കിലും അവ തീയ്യ സ്ത്രീകളെയാണ് ഏല്പിക്കാറ്. പുത്തൻ മൺകലത്തിൽ കുത്തിയ പച്ചരി, ശർക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയില കൊണ്ട് മൂടിക്കെട്ടി കൈയ്യിൽ കുരുത്തോലയുമായി ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കി കലങ്ങൾ സമർപ്പിച്ചശേഷം
മാങ്ങാ അച്ചാറ് ചേർത്ത ഉണക്കലരി കഞ്ഞിയും കഴിച്ചാണ് ക്ഷേത്രത്തിലെത്തിയവർ മടങ്ങിയത്.
കലങ്ങളിലെ വിഭവങ്ങൾ വേർതിരിച്ച ശേഷം കലച്ചോറും ചുട്ടെടുത്ത അടയും തയ്യാറാക്കും.
ശനിയാഴ്ച രാവിലെ കലശാട്ടും കല്ലൊപ്പിക്കലും നടന്ന ശേഷം മൂത്ത ഭഗവതിയുടെ പള്ളിയറയിൽ നിന്ന് പണ്ടാരക്കലം ആദ്യം തിരിച്ചുനൽകിയ ശേഷം മറ്റുള്ളവരും കലങ്ങൾ ഏറ്റുവാങ്ങും.