തളങ്കര ഗവ. മുസ്ലീം ഹൈസ്കൂൾ ഉൾപ്പെടെ കാസര്‍കോട് എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി നാളെ ഉദ്ഘാടനംചെയ്യും
കാസര്‍കോട് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഏഴ് സ്കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഒരു സ്കൂള്‍ കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച രാവിലെ 10ന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും.
മഞ്ചേശ്വരം മണ്ഡലത്തിലെ ജിവിഎച്ച്എസ്എസ് മൊഗ്രാല്‍, കാസര്‍കോട് ജിഎംവിഎച്ച്എസ്എസ് തളങ്കര, ഉദുമയില്‍ ജിഎച്ച്എസ്എസ് പെരിയ, തൃക്കരിപ്പൂരില്‍ ജിഎച്ച്എസ് എസ് പിലിക്കോട് എന്നീ സ്കൂളുകളിലെ കെട്ടിടങ്ങള്‍ അഞ്ച് കോടി ചെലവിട്ടാണ് നിര്‍മിച്ചത്. കക്കാട്ട് ഹയര്‍ സെക്കന്‍ഡറി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. വിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജിഎച്ച്എസ്എസ് ചായ്യോത്ത്, ജിഎച്ച്എസ് എസ് ബളാംതോട് എന്നിവ മൂന്ന്കോടി ചെലവിട്ടാണ് നിര്‍മിച്ചത്. 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് കിഫ്ബി മൂന്ന് കോടി രൂപ വീതം അനുവദിച്ചത്.
ജില്ലയില്‍ 25 സ്കൂളുകള്‍ക്കാണ് മൂന്ന് കോടി അനുവദിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് കെട്ടിടങ്ങളും ജില്ലാപഞ്ചായത്ത് ഫണ്ടില്‍ ഒരു കെട്ടിടവുമാണ് ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ചത്. ക്ലാസ് റൂമുകള്‍, ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, ഗസ്റ്റ് റും, ഭിന്നശേഷി കുട്ടികള്‍ക്കുള്ള റൂം, കംപ്യൂട്ടര്‍ ലാബ്, മീറ്റിങ് ഹാള്‍, സ്റ്റോര്‍ റൂം, ലൈബ്രറി, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറികള്‍, ഭിന്നശേഷികാര്‍ക്ക് റാമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഏഴ് സ്കൂളുകളുടെ നിര്‍മാണ ചുമതല കൈറ്റിന്റെ ഇന്ഫ്രാസ്ട്രെക്ച്ചര് വിഭാഗത്തിനായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്.
സംസ്ഥാനത്താകെ 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ഇ ചന്ദ്രശേഖരന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി എന്നിവര്‍ മുഖ്യാതിഥികളാകും. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്, എന്‍ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു എന്നിവര്‍ വിവിധ വിദ്യാലയങ്ങളില്‍ പങ്കെടുക്കും.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ്
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തില്‍ 10 ക്ലാസ് മുറി. പ്രിന്‍സിപ്പലിനുള്ള മുറി, രണ്ട് ഓഫീസ് മുറി, സ്റ്റാഫ് മുറി, പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ശുചിമുറി എന്നിവയുണ്ട്. കിഫ്ബി ധനസഹായത്തോടെ മൂന്നു കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.
കൊല്ലേടത്ത് കണ്ണന് നായര്‍ 1906 ല്‍ തുടങ്ങിയ വിദ്യാലയം എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം തുടര്‍ച്ചയായി നേടുന്നു. ടി പി അബ്ദുള്‍ ഹമീദ്, കെ ജയന്, എസ് ഗോവിന്ദരാജ്, വി വി തുളസി, കെ പി രാജീവന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചായ്യോത്ത് ജിഎച്ച്എസ്എസ്
ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നാലുനില കെട്ടിടം ഒരുങ്ങി. കിഫ്ബി മുഖേന മൂന്ന് കോടി ചെലവിട്ട് നിര്‍മിച്ചതാണ് കെട്ടിടം. 1956 ല്‍ ഏക അധ്യാപക വിദ്യാലയയമായി തുടങ്ങിയ സ്കൂള്‍ 1976 ല്‍ യുപിയായും 1980ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ന്നു. 2500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു.
പൊതു വിദ്യാലയത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര് എസ്എസ്എല്‍സി പരീക്ഷ എഴുതിയ സ്കൂളാണ് ചായ്യോത്ത് ജിഎച്ച്എസ്എസ്. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 84 അധ്യാപകരും ആറ് അനധ്യാപകരും ഉള്‍പ്പെടെ 90 ജീവനക്കാരുണ്ട്. പിടിഎ നിയമിച്ച 16 താല്‍ക്കാലിക ജീവനക്കാരുമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് ടി കെ രവി, പി ധന്യ, കെ ഷീബ, പി കെ നാരായണന്, എ വിജയകുമാരന്‍ നായര്‍, കെ ബി സജിത്ത്കുമാര്‍, ടി വി രത്നാകരന്, സി ബിജു, സി ഗംഗാധരന്, എന്‍ വി സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്
മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചര കോടി രൂപ ചെലവിട്ട് നിര്‍മിച്ചത് രണ്ട് കെട്ടിടം. കിഫ്ബി അഞ്ച് കോടിയും എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷവും അനുവദിച്ചു. മൂന്ന് നിലകളിലായി 33 ക്ലാസ്മുറികളുണ്ട്. 14 ക്ലാസ് മുറികളുള്ള ബ്ലോക്ക് ഹൈസ്കൂളിനും ഉപയോഗിക്കും. 19 ക്ലാസ് മുറികളുള്ള ബ്ലോക്ക് എല്‍പി, യുപി വിഭാഗത്തിനാണ്.
ഇരു കെട്ടിടങ്ങളിലുമായി ഓഫീസ്, ലാബ്, ശുചിമുറികള്‍, ഭിന്നശേഷികാര്‍ക്കുള്ള റാമ്പ് എന്നിവയുണ്ട്. 1914 ല്‍ തുടങ്ങിയ സ്കൂളില്‍ 1450 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇത്തവണ 350 വിദ്യാര്‍ഥികള്‍ അധികമായി ചേര്‍ന്നു. 50 അധ്യാപകരുണ്ട്. മൂന്ന് ലക്ഷം രൂപ ചെലവിട്ടുള്ള സ്കൂളിന്റെ പുതിയ പ്രവേശന കവാടം നിര്‍മിച്ചത് അരിമല കുടുംബമാണ്.
തളങ്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി
തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും പുതുമോടിയിലേക്ക്. കാലപ്പഴക്കത്താല്‍ തകര്‍ന്നുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റി കിഫ്ബി ചെലവില്‍ അഞ്ച് കോടി രൂപയുടെ ഇരുനില കെട്ടിടമാണ് പൂര്‍ത്തിയായത്. 21 ക്ലാസ് മുറി, കംപ്യൂട്ടര്‍ ലാബ്, അടുക്കള, ഭക്ഷണശാല ഉള്‍പ്പെടെ 25,726 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് കെട്ടിടം.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 28 ടോയ്ലറ്റും 12 മൂത്രപ്പുരയുമുണ്ട്. അടുക്കളയില്‍ സാധനം സൂക്ഷിക്കാനുള്ള മുറിയും കുട്ടികള്‍ക്ക് കൈകഴുകാന്‍ പ്രത്യേക സൗകര്യവും ഒരുക്കി. അര ലക്ഷം ലിറ്റര്‍ മഴവെള്ള സംഭരണിയും പമ്പ്ഹൗസും സ്ഥാപിച്ചു. ക്ലാസ്മുറികള് ടൈല്‍സിട്ടും മുറ്റം ഇന്റര്‍ലോക്ക് പാകിയും മനോഹരമാക്കി. മുറ്റത്തെ മരങ്ങള്‍ സംരക്ഷിക്കാനായി ചുറ്റും തറകെട്ടി ഗ്രാനൈറ്റുമിട്ടു.
പിലിക്കോട് സികെഎന്‍ ജിഎച്ച്എസ്എസ്
പിലിക്കോട് സി കൃഷ്ണന് നായര്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതുതായി ഉയര്‍ന്നത് രണ്ട് കെട്ടിടങ്ങള്‍. മൂന്നു നിലകളിലായി 23 ക്ലാസ്മുറി. കിഫ്ബി മുഖേന അഞ്ച് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനത്തോടെയുള്ള കെട്ടിടം. ഓഫീസ്, ലൈബ്രറി, ലാബ്, ആണ്, പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ശുചിമുറി, ഭിന്നശേഷി കുട്ടികള്‍ക്കുള്ള മുറി, കാത്തിരിപ്പ് കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, സൗരോര്‍ജ കംപ്യൂട്ടര്‍ ലാബ്, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ക്ലാസിലെത്താന്‍ റാമ്പ് എന്നിവയുണ്ട്.
പൂര്‍വ വിദ്യാര്‍ഥികള്‍ കൈകോര്‍ത്തതോടെ ഫര്‍ണിച്ചറും അനുബന്ധ സൗകര്യങ്ങളും ലഭിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഒരുകോടി ചെലവിട്ട് പണിത ഹയര്‍സെക്കന്‍ഡറി കെട്ടിടവും ഉദ്ഘാടനത്തിനൊരുങ്ങി. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി, പി വിനയകുമാര്‍, എം രേഷ്മ, എം സുനില്‍കുമാര്‍, മനോജ് കുമാര്‍ കണിച്ചുകുളങ്ങര, വി സുധാകരന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി
ചോര്‍ന്നൊലിക്കുന്ന സ്കൂള്‍ കെട്ടിടത്തിന് വിട. തലയെടുപ്പോടെ ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം. കിഫ്ബി ധനസഹായത്തില്‍ മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച മൂന്നുനില കെട്ടിടത്തില്‍ 13 ക്ലാസ് മുറി, ടോയ്ലറ്റ് ബ്ലോക്ക്, നേഴ്സറി ക്ലാസ് മുറികള്‍, വിശ്രമമുറി, മഴവെള്ള സംഭരണി എന്നിവയുണ്ട്.
ചെമ്മനാട് ജിഎച്ച്എസ്എസ്
പരവനടുക്കത്തുള്ള ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് കെ കുഞ്ഞിരാമന് എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് 1.81 കോടി ചെലവഴിച്ചാണ് ഇരുനില കെട്ടിടം നിര്‍മിച്ചത്. രണ്ടുബ്ലോക്കുകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ പത്ത് ക്ലാസ് മുറി, മിനി ഹാള്‍, ലൈബ്രറി, ലാബ്, ഓഫീസ് റൂം എന്നിവയുണ്ട്. ചെമ്മനാട് പഞ്ചായത്തിന് പുറമേ കാസര്‍കോട് നഗരസഭ, കുമ്പള, മധൂര്‍, ഉദുമ, ചെങ്കള, മൊഗ്രാല്‍ പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ്ടു പഠനത്തിനായി ഇവിടെയെത്തുന്നു.
പെരിയ ജിഎച്ച്എസ്എസ്
കിഫ്ബിയുടെ ധനസഹായത്താല്‍ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 14 ക്ലാസ് മുറികളുണ്ട്. സ്റ്റാഫ് മുറിയും ഓഫീസും ശുചിമുറികളും കെട്ടിടത്തിലുണ്ട്. ഫര്‍ണിച്ചറും അനുബന്ധ സൗകര്യങ്ങളും എത്തുന്നതോടെ പുതിയ കെട്ടിടത്തില്‍ ക്ലാസ് ആരംഭിക്കും. കെ കുഞ്ഞിരാമന് എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്യും. കെ രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യപ്രഭാഷണം നടത്തും.