ദേശീയപാത വികസനം;സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ കൊടും വളവുണ്ടാക്കി സ്ഥലമേറ്റെടുക്കുന്നതായി പരാതി
കൊച്ചി: സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ പാതയില്‍ കൊടും വളവുണ്ടാക്കി ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതായി പരാതി.
വരാപ്പുഴ ഭാഗത്ത് മേസ്തിരിപടി മുതല്‍ തിരുമുപ്പംഷെഡ്പടി വരെയുള്ള ഭാഗത്താണ് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയുയരുന്നത്.
ആലങ്ങാട്–വരാപ്പുഴ–കോട്ടുവള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ദേശീയപാത 45 മീറ്ററാക്കി വീതികൂട്ടുന്നതിലാണ് അട്ടിമറി ആരോപണം. ഇവിടെയുള്ള സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ അവരുടെ സ്ഥലം ഏറ്റെടുക്കാതെ ഒരു വശത്ത് നിന്ന് മാത്രം സ്ഥലമേറ്റെടുത്താണ് വീതികൂട്ടല്‍ . ഇതിലൂടെ ദേശീയപാതയില്‍ കൊടുംവളവുണ്ടാകുമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പറയുന്നു. എല്ലാം രഹസ്യമാക്കിവെക്കാനും അധികൃതര്‍ നാട്ടുകാരോട് പറഞ്ഞെന്ന് ആരോപണമുണ്ട്.
ഇടപ്പള്ളി മുതല്‍ മൂത്തക്കുന്നം വരെ 24 കിലോമീറ്ററാണ് ദേശീയ പാത. 2006ല്‍ ഏറ്റെടുത്ത മുപ്പത് മീറ്ററിന് പുറമേ ഇരുവശത്തും ഏഴര മീറ്റര്‍വീതം ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സര്‍വേ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചു. ആലങ്ങാട് വില്ലേജിലെ തിരുമുപ്പത്ത് ഒരു വശത്തുനിന്നുമാത്രം 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇരുപത്തിയഞ്ചോളം വ്യാപാര സ്ഥാപനങ്ങളും പതിനൊന്ന് വീടുകളുമാണ് പൊളിക്കേണ്ടി വരുന്നത്.
നേരത്തെ ഏറ്റെടുത്ത ഭൂമി ഒഴിവാക്കി നടത്തുന്ന നടപടികളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.