പിണറായിക്കെതിരെ കോണ്ഗ്രസ്സ് വക്താവ് ഷമാ മുഹമ്മദ്ഇരിക്കൂറില് ചാണ്ടി ഉമ്മന്?വമ്പന് ട്വിസ്റ്റിന് കോണ്ഗ്രസ്
തിരുവനന്തപുരം; കോൺഗ്രസിനെ സംബന്ധിച്ച് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്. വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് സ്വപ്നം കാണുന്നില്ല. അതുകൊണ്ട് തന്നെ ശക്തരായ,വിജയ സാധ്യത ഉള്ള നേതാക്കളെ കളത്തിൽ ഇറക്കി പരമാവധി നേട്ടം കൊയ്യുകയെന്നാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
തിരഞ്ഞെടുപ്പിൽ തനിച്ച് 60 സീറ്റുകൾ പിടിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. മലബാറിൽ നിന്ന് തനിച്ച് 15 സീറ്റുകൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണ ഉറച്ച കോട്ടകളിൽ ചിലതിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഇറങ്ങുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മലബാർ മേഖലയിൽ നിന്ന് 35 സീറ്റുകളിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്. എന്നാൽ ജയിക്കാൻ കഴിഞ്ഞത് വെറും ആറ് സീറ്റിലും. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല എന്നിവടങ്ങളിലായിരുന്നു വിജയം. അതേസമയം സിറ്റിംഗ് സീറ്റുകളായ കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി എന്നിവ നഷ്ടപ്പെടുകയും ചെയ്തു.
ഇരട്ടിയാക്കാൻ
എന്നാൽ ഇത്തവണ സീറ്റ് ഇരട്ടിയാക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ നിന്നായി സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ 15 സീറ്റുകളാണ് കോൺഗ്രസ് ഇവിടെ നിന്ന് സ്വപ്നം കാണുന്നത്. മുൻ ഘടകക്ഷികളായിരുന്ന എൽജെഡിയും കേരള കോൺഗ്രസ് എമ്മും മത്സരിച്ച സീറ്റുകൾ ഏറ്റെടുത്ത് പോരാടാ നാണ് കോൺഗ്രസ് ആലോചന.
രാഹുൽ ഗാന്ധി നേരിട്ട് ഇറങ്ങിയാകും മലബാറിൽ പ്രചരണം നയിക്കുക. കേരളത്തിലെ പ്രതിനിധി സംഘം സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇതിനോടകം തന്നെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി രൂപരേഖതയ്യാറാക്കിയിട്ടുണ്ട്. മത, സമുദായിക സാംസ്കാരിക രംഗത്തുള്ള പ്രമുഖരേയും രംഗത്തിറക്കിയേക്കുമെന്നാണ് സൂചന.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എഐസിസി അംഗം പിവി മോഹനൻ, ടി സിദ്ധിഖ്, കെപി അനിൽ കുമാർ എന്നീ നേതാക്കൾ ഉൾപ്പെടുന്ന സംഘമാണ് ചർച്ച നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖർക്കെതിരെ ചില അപ്രതീക്ഷിത സ്ഥാനാർത്ഥികളെ പ്രയോഗിക്കാനാണ് കോൺഗ്രസ് ചർച്ചകൾ.
പിണറായിക്കെതിരെ കോൺഗ്രസ് വക്താവും കണ്ണൂർ സ്വദേശിയുമായ ഷമ മുഹമ്മദിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും നേതാക്കൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് ഷമ പ്രതികരിച്ചിട്ടുണ്ട്. അതേസമയം ഇവിടെ അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തുമെന്നുള്ള സൂചനകളും ഉണ്ട്.
പിണറായിക്കെതിരെ മാത്രമല്ല, കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലത്തിലും കോൺഗ്രസിന്റെ ഉറച്ച കോട്ടകളിൽ ചിലതിലും അപ്രതീക്ഷിത സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുള്ള സാധ്യത ശക്തമാണ്. കോൺഗ്രസിന്റെ ഉറച്ച കോട്ടകളിൽ ഒന്നായി കെസി ജോസഫിന്റെ ഇരിക്കൂറിൽ ഇത്തവണ ആരാകും സ്ഥാനാർത്ഥി എന്ന് ഉറ്റുനോക്കപ്പെടുന്നുണഅട്
37 വർഷം മത്സരിച്ച് ജയിച്ച മണ്ഡലത്തിൽ നിന്ന് ഇത്തവണ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്നാണ് കെസി ജോസഫ് വ്യക്തമാക്കിയത്. ഇത്തവണ ഇരിക്കൂറിൽ പുതിയ മുഖം വരണമെന്നാണ് ആഗ്രഹമെന്നും തന്റെ ഭാവി ചുമതല പാർട്ടി തീരുമാനിക്കുമെന്നുമാണ് കെസി ജോസഫ് പറഞ്ഞത്.കോട്ടയം ജില്ലയിൽ ചങ്ങനാശേരി മണ്ഡലത്തിൽ മത്സരിക്കാനാണ് കെസിയുടെ നീക്കം.
മലയോര മേഖലകളിൽ
ഇരിക്കൂറിൽ കോൺഗ്രസിന് കാര്യങ്ങൾ അനുകൂലമാണെങ്കിലും കേരളാ കോൺഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശം തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ ഇടതിന് ഗുണകരമായിരുന്നു. ഇതിൽ കോൺഗ്രസിന് ആശങ്കയുണ്ട്. ഉറച്ച സീറ്റായതിനാൽ നിരവധി പേർ ഇരിക്കൂറിനായി ചരടുവലിക്കുന്നുണ്ടെങ്കിലും കെസി ജോസഫിന്റെ കൂടി നിർദ്ദേശത്തിനാകും മുന്ഗണന
എ ഗ്രൂപ്പ് നേതാവും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യിനെയാണ് ‘ജോസഫിന് താത്പര്യം.സജീവ് ജോസഫിന്റെ പേരും പരിഗണിക്കുന്നുണ്ട്. അതേസമയം ഇരിക്കൂറിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ രംഗത്തിറക്കാനുള്ള ആലോചനകളും പാർട്ടിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
സുരക്ഷിത മണ്ഡലം
നിലവിൽ ചെങ്ങന്നൂരിൽ ചാണ്ടി ഉമ്മൻ്റെ പേര് ചർച്ചയാകുന്നുണ്ട്. എന്നാൽ ചാണ്ടിയെ സുരക്ഷിത മണ്ഡലത്തിൽ തന്നെ മത്സരിപ്പിക്കണം എന്നാണ് പാർട്ടിയിൽ ഉയരുന്ന വികാരം. ഇതിന്റെ അടിസ്ഥാനത്തിൽ ചില സുരക്ഷിത മണ്ഡലങ്ങളുടെ പട്ടിക കോൺഗ്രസ് തയ്യാറാക്കിയിരുന്നു. ഇതിൽ പെടുന്നതാണ് ഇരിക്കൂർ.
അടുത്ത ആഴ്ച ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ എഐസിസി സംഘം ഇരിക്കൂർ മണ്ഡലം സന്ദർശിക്കുന്നുണ്ട്. സ്ഥാനാർത്ഥിത്വം അടക്കമുള്ള കാര്യങ്ങളിൽ ഇതിന് ശേഷം അന്തിമ തിരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്