മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായ പ്രചാരണം തന്നെയാണ് മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്നത്. കോണ്‍ഗ്രസും പാകിസ്താനുമാണ് പ്രധാന പ്രചാരണ വിഷയം. കോണ്‍ഗ്രസിന് രാജ്യം ഭരിക്കാന്‍ ശേഷിയില്ലെന്ന് ഒരു ഭാഗത്ത് പറയുമ്ബോള്‍ പാകിസ്താന് വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് മറുഭാഗത്ത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയില്‍ വോട്ട് രേഖപ്പെടുത്തുമ്ബോള്‍, പാകിസ്താനില്‍ അണുബോംബിടുക എന്നതാണ് നിങ്ങള്‍ ചെയ്യുന്നതെന്നാണ് താനെക്കടുത്ത മിറ ഭയാന്തര്‍ മണ്ഡലത്തില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി നരേന്ദ്ര മേത്തയ്ക്ക് വേണ്ടി നടന്ന പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്ബോള്‍ അതിനര്‍ഥം പാകിസ്താനില്‍ അണുബോംബിട്ടു എന്നാണ്. അതുകൊണ്ട് ദയവ് ചെയ്ത് നിങ്ങള്‍ താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണം. മഹാരാഷ്ട്രയില്‍ ഒരുതവണ കൂടി ബിജെപിയെ അധികാരത്തിലെത്തിക്കണം. വരുന്ന തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ താമര വീണ്ടും വിരിഞ്ഞുനില്‍ക്കുമെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ചിഹ്നം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെയും മൗര്യ പരിഹസിച്ചു. ലക്ഷ്മി ദേവി ഇരിക്കുന്നത് കൈയ്യില്‍ അല്ല. സൈക്കിളിലോ വാച്ചിലോ അല്ല. താമരയിലാണ്. താമര വിരിഞ്ഞത് മൂലമാണ് കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കാന്‍ സാധിച്ചത്. താമര വികസനത്തിന്റെ ചിഹ്നമാണെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഈ മാസം 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലം 24ന് അറിയാം.