ഫേസ്ബുക്ക് പ്രണയം,പെരുമ്പളയിൽ നിന്ന് വീടുവിട്ട പ്രതിശ്രുത വധു പഞ്ചാബ് പട്ടാള ക്യാമ്പില്‍
ചട്ടഞ്ചാൽ :വിവാഹ നിശ്ചയം നടക്കുന്നതിന്റെ തലേദിവസം നിന്നും കാണാതായ പ്രതിശ്രുത വധു പഞ്ചാബിലെ പട്ടാള ക്യാമ്പിലുള്ളതായി മേല്‍പറമ്പ് പോലീസിന് വിവരം ലഭിച്ചു. പെരുമ്പള ചെട്ടുംകുഴിയിലെ മോഹനന്റെ മകള്‍ മുന്നാട് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി കരിഷ്മയാണ്, 23, പഞ്ചാബിലെ സൈനിക ക്യാമ്പിലുള്ളത്.
പഞ്ചാബില്‍ സേവനമനുഷ്ടിക്കുന്ന തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ സൈനീകന് ശിവക്കൊപ്പമാണ് 24, കരിഷ്മയുള്ളതെന്നും മേല്‍പ്പറമ്പ് എസ്ഐ, എംപി, പത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഉറപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയ കരിഷ്മയെ കാണാതാവുകയായിരുന്നു.
ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കേസ്സെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം പോയതായി വ്യക്തമായത്. ശിവക്കൊപ്പം പോവുകയാണെന്ന് വീട്ടില്‍ കത്തെഴുതിവെച്ച ശേഷമാണ് യുവതി വീടുവിട്ടത്. കരിഷ്മയുമായി പോലീസ് ഫോണില്‍ സംസാരിച്ചു. പഞ്ചാബിലെ രജിസ്ട്രാഫീസില് തങ്ങള്‍ വിവാഹിതരായി ശിവക്കൊപ്പം സൈനീക ക്യാമ്പിലുണ്ടെന്ന് കരിഷ്മ പോലീസിനെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ സ്റ്റേഷനിലെത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.