ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ചു; പ്രമോദിന്റെയും ബിന്ദുവിന്റെയും അന്നം മുടക്കി സിപിഎം
കരിവെള്ളൂർ: ബിജെപി സ്ഥാനാർത്ഥിയായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ ഒരു കുടുംബത്തിന്റെ അന്നം മുടക്കി സിപിഎം. പയ്യന്നൂർ കരിവളളൂരിലാണ് സംഭവം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച കരിവളളൂർ സ്വദേശി പ്രമോദിനോടും ഭാര്യ ബിന്ദുവിനോടുമാണ് കുടുംബത്തിന്റെ വരുമാനം മുടക്കി സിപിഎം പ്രാദേശിക നേതൃത്വം പ്രതികാരം ചെയ്തത്.
സ്വർണപ്പണിക്കാരനാണ് പ്രമോദ്. കരിവളളൂരിൽ സ്വാതി ജ്വല്ലറി എന്ന പേരിൽ വർഷങ്ങളായി നടത്തിവന്ന ചെറിയ സ്ഥാപനമായിരുന്നു ഉപജീവനമാർഗം. എന്നാൽ പ്രമോദും ബിന്ദുവും തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ കലിപൂണ്ട സിപിഎം പ്രവർത്തകർ കടയുടമയെ ഭീഷണിപ്പെടുത്തി. ഇതോടെ കട ഒഴിഞ്ഞു നൽകാൻ കെട്ടിട ഉടമസ്ഥൻ പ്രമോദിനോട് ആവശ്യപ്പെടുകയായിരുന്നു. കുടുംബത്തിന് ആശ്രയമായി ഭാര്യ ബിന്ദു നടത്തിയിരുന്ന തുന്നൽക്കടയും ഇതോടൊപ്പം പൂട്ടേണ്ടി വന്നു.
പ്രമോദ് ബ്ലോക്ക് പഞ്ചായത്തിലേക്കും ബിന്ദു വാർഡിലേക്കുമാണ് ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ചത്. സിപിഎം ശക്തികേന്ദ്രമായ കരിവളളൂരിൽ ഇരുവരും നല്ല രീതിയിൽ വോട്ടും നേടി. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മറ്റൊരു പാർട്ടിയിൽ പ്രവർത്തിച്ചതിന്റെ പേരിലാണ് സിപിഎമ്മിന്റെ ഭീഷണിയെന്നും ജീവിക്കാൻ വേറെ മാർഗമില്ലാത്ത അവസ്ഥയിലാണെന്നും പ്രമോദ് പറയുന്നു. ഇടിമിന്നലേറ്റ് തകർന്ന വീട്ടിലാണ് മകളുമൊത്ത് ഇവരുടെ താമസം. പുതിയ വീടിന്റെ പണി തുടങ്ങിയെങ്കിലും നിലച്ചിട്ട് വർഷങ്ങളായി. അതിനിടയിലാണ് ഉപജീവനമാർഗം കൂടി ഇല്ലാതാകുന്നത്.
സിപിഎം പ്രവർത്തകരുടെ ഭീഷണി മൂലം വൈകിട്ട് ആറ് മണിക്ക് ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ബിന്ദു പറയുന്നു. ധൈര്യത്തോടെ എവിടെയും പോകാൻ കഴിയുന്നില്ല. രാത്രികാലത്ത് എവിടെയും പോകില്ല. മുൻപും പാർട്ടിക്കാരുടെ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പേടിയാണ്. ബിന്ദു പറയുന്നു. ഡൽഹി അതിർത്തിയിൽ പ്രതിഷേധം നടത്തുന്നവരെ രാജ്യത്തെ അന്നമൂട്ടുന്നവരെന്ന് വിശേഷിപ്പിച്ച് കണ്ണീരൊഴുക്കുന്ന സിപിഎം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഒരു കുടുംബത്തിന്റെ അന്നം മുട്ടിച്ച വാർത്ത സോഷ്യൽ മീഡിയയിലും ചർച്ചയായിക്കഴിഞ്ഞു. കടയിലെ സാധനങ്ങളുമായി പ്രമോദ് മടങ്ങുന്ന ചിത്രം സഹിതമാണ് സോഷ്യൽ മീഡിയയിൽ സംഭവം പ്രചരിക്കുന്നത്