ഡെറാഡൂണ്‍: മുസ്ലിംകളുടെ വോട്ട് തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ബിജെപി എംഎല്‍എ. ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവും രുധ്രപൂര് എംഎല്‍എയുമായ രാജ്കുമാര് തുക്രാല്‍ ആണ് വിവാദ പ്രസംഗം നടത്തിയത്. ഒരു മുസ്ലിമിന്റെ വോട്ടും ആവശ്യമില്ലെന്നും ഒരു പള്ളിക്കു മുമ്പിലും തൊഴില്ലെന്നുമായിരുന്നു രാജ്കുമാറിന്റെ പ്രസ്താവന. രുധ്രപൂര് മണ്ഡലത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്കുമാര് തുക്രാല്‍. ഞാന്‍ മുസ്ലിംകളുടെ ഒരു വോട്ടും ആഗ്രഹിക്കുന്നില്ല. എൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ഞാന്‍ മുസ്ലിംകളുടെ വീടുകളിലേക്കു പോവുകയോ ഒരിക്കലും അവര്‍ക്ക് പെരുന്നാള്‍ ആശംസ നേരുകയോ ഇല്ല. ഞാനൊരിക്കലും മുസ്ലിംകളെയോ അവരുടെ പള്ളിയെയോ തൊഴുകയില്ല. ഞാന്‍ മുസ്ലിംകള്ക്ക് വേണ്ടി ഒന്നും ചെയ്യില്ല. നമ്മള് ഇവിടെ ജീവിക്കും വരെ ഒരാള്‍ക്കും ഇന്ത്യയെ കീറിമുറിക്കാനും കഴിയില്ലെന്നാണ് രാജ്കുമാര് പ്രസംഗിച്ചത്. പ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്കുമാറിനോട് വിശദീകരണം ചോദിച്ച് ഉത്തരാഖണ്ഡ് ഘടകം ബി.ജെ.പി നോട്ടീസയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്കുമാര് മറുപടി നല്‍കിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒന്നും പറയാനില്ലെന്നു കണക്കാക്കി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ദേവേന്ദ്ര ഭസിന്‍ പറഞ്ഞു.