ബി.ഡി.ജെ.എസ് പിളര്‍ന്നു; വിമത വിഭാഗം യു.ഡി.എഫിനൊപ്പം
കൊച്ചി: കേരളത്തിലെ എന്‍.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസ് പിളര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ നീലകണ്ഠന് മാസ്റ്ററുടെ നേതൃത്വത്തില്‍ പുതിയ സഘടന പ്രഖ്യാപിച്ചു. ഭാരതീയ ജനസേന (ബി.ജെ.എസ്) എന്നാണ് പുതിയ സംഘടനയുടെ പേര്. യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ബി.ജെ.പി ഒത്തുകളിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
‘ഗൂഢാലോചനയില്‍ ഞങ്ങള്‍ അതൃപ്തി രേഖപ്പെടുത്തുന്നു. അതിനാല്‍ എന്‍.ഡി.എയില്‍ ഒരു നിമിഷം പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. വലിയ പ്രഖ്യാപനങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ഞങ്ങള്‍ക്ക് വിശ്വാസം യു.ഡി.എഫിനെയാണ്. വ്യക്തമായും പൂര്‍ണ്മമായും യു.ഡി.എഫ് എന്ന മുന്നണിയില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ഭാരതീയ ജനസേന പ്രവര്‍ത്തിക്കും. 12 ഓളം സമുദായ സംഘടനകള്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്’, നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..
ബി.ഡി.ജെ.എസ് ബി.ജെ.പി.യുടെ ചട്ടുകമാണിന്ന്. രാഷ്ട്രീയമായി അപ്രസക്തമായ ബി.ഡി.ജെ.എസ്സില്‍ തുടരാനാവില്ല. എന്ഡിഎയിലാണെങ്കില് പോലും ബിഡിജെഎസ്സിന് വിലയുണ്ടായില്ല. ഇതിന്റെ ഭാഗമായാണ് പുതിയ സംഘടന. ബിഡിജെഎസ്സിന്റെ 11 കമ്മറ്റികള്‍ പുതിയ സംഘടനയില്‍ ഉണ്ടാവുമെന്നും ജനസേന നേതാക്കള്‍ അറിയിച്ചു.