മുഖ്യമന്ത്രിക്കെതിരായ ചെത്തുകാരൻ പ്രയോഗം, തിരിച്ചടി ഭയന്ന് സുധാകരനെ തള്ളി ചെന്നിത്തല.
കോഴിക്കോട് : പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ പരാമാർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് ഇന്ന് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിൽ നിന്ന് ചെന്നിത്തല ഒഴിഞ്ഞുമാറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ജാഥയെന്നും സാമൂഹിക അകലം പാലിക്കുന്നതിൽ ചിലയിടങ്ങളിൽ വീഴ്ചയുണ്ടായെന്നും ചെന്നിത്തല പറഞ്ഞു. കേസുകൾ എടുത്തത് കൊണ്ട് ജാഥ അവസാനിപ്പിക്കില്ല.
നാടാർ വിഭാഗത്തിന് ഒബിസി സംവരണം നൽകിയതിനെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും പരിഗണനയിലുണ്ടായിരുന്ന വിഷയമാണിത്. പിഎസ്സി റാങ്ക്ലിസ്റ്റ് കാലാവധി നീട്ടണം എന്നത് കഴിഞ്ഞ അഞ്ചുവർഷമായി യുഡിഎഫ് ആവശ്യപ്പെടുന്ന കാര്യമാണ്. ഇപ്പോൾ കാലാവധി നീട്ടുന്നത് കൊണ്ട് ഗുണമില്ല. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള പുകമറയാണിത്.
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്താനുള്ള കരട് വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.