ഛത്തീസ്ഗഢില്‍ 16 വയസുകാരിയെ ബലാത്സംഗം ചെയ്തു; പിതാവിനും സഹോദരിക്കും മര്‍ദനം, 3 പേര്‍ക്കും ദാരുണാന്ത്യം
കോര്‍ബ: ഛത്തീസ്ഗഢില്‍ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയേയും രണ്ട് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ ആറ് പേര് അറസ്റ്റില്‍. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയേയും അച്ഛനേയും ബന്ധുവായ നാലു വയസുകാരിയേയും വടിയും കല്ലും ഉപയോഗിച്ച് കൊലപ്പെടുത്തി വനമേഖലയില്‍ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു.
ഗാദുപ്രോദ ഗ്രാമത്തിന് സമീപം ജനുവരി 29നാണ് സംഭവമുണ്ടായത്. എന്നാല്‍ ചൊവ്വാഴ്ചയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്. ഇതേ തുടര്‍ന്ന് ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി കോര്‍ബ പോലീസ് സൂപ്രണ്ട് അഭിഷേക് മീന പറഞ്ഞു. സന്ത്റാം മജ്വര്‍ (45), അബ്ദുള്‍ ജബ്ബാര്‍ (29), അനില്‍ കുമാര്‍ സര്‍ത്തി (20), പര്‍ദേശി രാം പാനിക (35), ആനന്ദ് രാം പാനിക (25), ഉമ്ശങ്കര്‍ യാദവ് (21) എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ ജൂലൈ മുതല്‍ പ്രധാന പ്രതിയായ സന്ത്റാം മജ്വറിന്റെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. മജ്വര്‍ ജനുവരി 29 ന് മോട്ടോര്‍ സൈക്കിളില്‍ പെണ്‍കുട്ടിക്കും അച്ഛനും ചെറിയ സഹോദരിക്കുമൊപ്പം ഗ്രാമത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു. യാത്രക്കിടയില്‍ കോരായ് ഗ്രാമത്തില്‍ നിര്‍ത്തി മജ്വര്‍ മദ്യം കഴിച്ചു. തുടര്‍ന്ന് മറ്റ് പ്രതികളും അദ്ദേഹത്തോടൊപ്പം ചേര്‍ന്നതായി പോലീസ് പറഞ്ഞു.
സംഘം മൂന്ന് പേരെയും ഗാദുപ്രോദ പ്രദേശത്തെ വനമേഖലയിലേക്ക് കൊണ്ടുപോകുകയും മജ്വറും മറ്റൊരാളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കല്ലുകളും വടിയും ഉപയോഗിച്ച് മൂന്ന് പേരെയും ആക്രമിച്ച ശേഷം സംഘം ഇവരെ കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു.
മരിച്ചയാളുടെ മകന് ഇവരെ കാണിനില്ലെന്ന് കാണിച്ച നല്കിയ പരാതിയില്‍ പോലീസ് ഈ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതികളുടെ മൊഴി പ്രകാരം പോലീസ് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയേയും മറ്റ് രണ്ട് പേരെ മരിച്ച നിലയിലും കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു.