പാമ്പിനെ കണ്ടാല്‍ വടിയെടുക്കേണ്ട, ആപ്പ് തുറക്കൂ
കൊച്ചി: വഴിയിലൊരു പാമ്പിനെ കണ്ടാല്‍ ആദ്യംതന്നെ വടിയെടുക്കാന്‍ വരട്ടെ. സ്മാര്‍ട്ട് ഫോണിലെ ആന്‍ഡ്രോയ്ഡ് ആപ് സ്നേക്പീഡിയ തുറന്നാല്‍ അതേത് പാമ്പൊന്ന് തിരിച്ചറിയാം. വിഷമുണ്ടോ, കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എന്ത്, ഏത് ആശുപത്രിയില്‍ പോകണം, അവിടേക്ക് വഴിയെങ്ങനെ തുടങ്ങി പാമ്പിനെ പിടിക്കുന്നവരുടെ വിവരങ്ങള്‍ വരെയുണ്ട് സ്നേക് പീഡിയയില്. പാബിനെ തിരിച്ചറിയാനുള്ള വഴിയാണ് ആപ്. ശാസ്ത്രകുതുകികളും പ്രകൃതിസ്നേഹികളും ഡോക്ടര്‍മാരും ചേര്‍ന്ന കൂട്ടായ്മയാണ് ഇതിനു പിന്നില്‍. നവീന്‍ലാല്‍ പയ്യേരി, സന്ദീപ് ദാസ്, ഉമേഷ് പാവുകണ്ടി, ഡോ. പി.എസ്. ജിനേഷ്, ഡോ. കെ.കെ. പുരുഷോത്തമന്, ഡോ. നേഥ ഹുസൈന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
‘കടിയേറ്റ രോഗിയോടൊപ്പം കടിച്ച പാമ്പിനെക്കൂടി ആശുപത്രിയില്‍ കൊണ്ടുവരുന്നത് ചികിത്സക്ക് പ്രയോജനപ്പെടുമെന്ന് ഡോ. പി.എസ്. ജിനേഷ് പറയുന്നു. കേരളത്തില്‍ 12 കുടുംബങ്ങളിലായി നൂറിലധികം ഇനം പാമ്പുകളാണുള്ളത്. ഇവയുടെ എഴുനൂറിലധികം ചിത്രങ്ങള്‍ ആപ്പില്‍ കാണാം. 72 സ്പീഷീസുകളിലെ വലിയ പാമ്ബുകളുടെ 675ലധികം ചിത്രങ്ങളുണ്ട്. ചില പാമ്പുകളുടെ 20 നിറഭേദങ്ങള്വരെ ഉള്‍പ്പെടുത്തി. കേരളത്തിന് അകത്തും പുറത്തുമുള്ള 130ലേറെ പേര് പകര്‍ത്തിയതാണ് ചിത്രങ്ങള്‍. പാമ്പുകളെ അവയുടെ ഇംഗ്ലീഷ്, മലയാളം പേരുകള്‍ കൊണ്ടോ ശാസ്ത്രനാമം കൊണ്ടോ തിരഞ്ഞ് ആപ്പില്‍നിന്ന് കണ്ടുപിടിക്കാം. പ്രതിവിഷം അടക്കം ആധുനിക ചികിത്സാ സൗകര്യമുള്ള 158 ആശുപത്രികളുടെ ലിസ്റ്റും നല്‍കിയിട്ടുണ്ട്.
അവയിലേക്ക് ഗൂഗിള്‍ മാപ്പ് റൂട്ടും ലഭ്യമാണ്. പാമ്പുകളെ രക്ഷപ്പെടുത്താന്‍ വനം വന്യജീവി വകുപ്പിെന്റ ലൈസന്‍സ് ലഭിച്ച 800ലധികം പേരുടെ ജില്ല തിരിച്ചുള്ള, ഫോണ്‍ നമ്പറും കാണാം.
പാമ്പിനെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ വിദഗ്ധരോട് നേരിട്ട് ചോദിക്കാനും മൂന്ന് ഫോട്ടോകള്വരെ അയക്കാനും ആപ്പില്‍ കഴിയും. അതേസമയം, പാമ്പുകടിയേറ്റാല്‍ മറുപടിക്ക് കാത്ത് നില്‍ക്കാതെ, എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് ആപ്പിന്റെ അണിയറക്കാര്‍.