മുംബൈ:- മുംബൈയില്‍ ഞായറാഴ്ച നടന്ന അനൗദ്യോഗിക യോഗത്തില്‍ ബിസിസിഐയുടെ എല്ലാ സ്ഥാനത്തേക്കുമുള്ള പുതിയ ഭാരവാഹികളെ അന്തിമമായി നിശ്ചയിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാള്‍ (സിഎബി) പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് എത്തുമെന്നാണ് വിവരം. അതേസമയം മലയാളി കൂടി ബി.സി.സി.ഐ.യുടെ അമരത്തേയ്ക്ക് എത്തുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ ജയേഷ് ജോർജാണ് ബി.സി.സി.ഐ.യുടെ ജോ സെക്രട്ടറിയാകാൻ ഒരുങ്ങുന്നത്. ജയേഷ് ഇന്ന് മൂന്ന് മണിക്ക് നാമനിർദേശപത്രിക സമർപ്പിക്കും. ജോയന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജയേഷിന് എതിരുണ്ടാകൻ വഴിയില്ലെന്നാണ് അറിയുന്നത്.
നിലവില്‍ ബിസിസിഐയുടെ ടെക്നിക്കല്‍ കമ്മറ്റിയുടെ ചെയര്‍മാനും മാധ്യമ വക്താവുമാണ് ഗാംഗുലി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന് ജയ് ഷാ ആയാരിക്കും പുതിയ സെക്രട്ടറി. ബിസിസിഐ പ്രസിഡന്റ് മുന്‍ അനുരാഗ് താക്കൂറിന്റെ സഹോദരന് അരുണ്‍ ധുമാലാണ് പുതിയ ട്രഷറര്‍. സംഘടനയുടെ സ്ഥാനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
ബിസിസിഐയുടെ ചുമതലകള്‍ ഇപ്പോള്‍ വഹിക്കുന്നത് ലോധ കമ്മിറ്റിയാണ്. പുതിയ ഭാരവാഹികള്‍ അധികാരമേല്ക്കുന്നത്തോട് കൂടി ലോധ കമ്മിറ്റിയെ പിരിച്ചുവിടും.