ലോക്സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടെന്ന് സിപിഎം
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചവര്‍ക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കേണ്ടെന്ന് സിപിഎം തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് നേതൃത്വം സുപ്രധാന തീരുമാനമെടുത്തത്.
ഇതോടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കുമെന്ന് കരുതിയിരുന്ന പി.രാജീവ്, എം.ബി.രാജേഷ്, പി.ജയരാജന്, വി.എന്‍.വാസവന് തുടങ്ങിയവര്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.
തുടര്‍ച്ചയായി രണ്ട് ടേം എംഎല്‍എയായവരെ ഇത്തവണ പരിഗണിക്കേണ്ടെന്നും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മണ്ഡലം നിലനിര്‍ത്താന്‍ മികച്ച സ്ഥാനാര്‍ഥികളെ ലഭിക്കുന്നില്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് ഇളവ് നല്‍കാനും പാര്‍ട്ടി തീരുമാനിച്ചു.
കേരള കോണ്‍ഗ്രസ്-എമ്മിന്റെ വരവോടെ ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകളെക്കുറിച്ചും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. ഇന്നും വ്യാഴാഴ്ചയും യോഗം ചേര്‍ന്നാകും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുക.