കത്വ ഫണ്ട് തിരിമറി: പരാതി ലഭിച്ചാലുടന്‍ ലീഗ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.ടി ജലീല്‍
മലപ്പുറം: കത്വയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി യൂത്ത് ലീഗ് സമാഹരിച്ച ഫണ്ടിലെ തിരിമറി ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍.
ആര്‍ഭാട ജീവിതം നയിക്കുന്ന ലീഗ് നേതാക്കളുടെ വരുമാനവും വിദേശ യാത്രകളും പരിശോധിക്കണം. പിരിവ് നടത്തിയാല്‍ കണക്ക് ബോധിപ്പിക്കേണ്ട എന്ന ധിക്കാരം അനുവദിക്കാന്‍ പാടില്ലന്നും ജലീല്‍ പറഞ്ഞു. പിരിച്ചതിന്റെ കണക്കുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ലീഗ് തയ്യാറാകാണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗില്‍ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ് എന്ന് പലനാള്‍ കള്ളന് ഒരുനാള്‍ പിടിയില്‍ എന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട് കെ.ടി ജലീല്‍ ഫേസ്ബുക്കിലും ലീഗ് നേതാക്കളെ കുറ്റപ്പെടുത്തി. തന്നെ രാജിവെപ്പിക്കാന്‍ നടത്തിയ കാസര്‍ഗോഡ്- തിരുവനന്തപുരം ‘കാല്‍നട വാഹന വിനോദ യാത്ര’ ക്കുള്ള ചിലവ് കണ്ടെത്തിയത് പാവം ആസിഫയെന്ന പിഞ്ചോമനയുടെ കണ്ണീര് കണങ്ങളില്‍ ചവിട്ടിയാണെന്നത് എത്രമാത്രം ക്രൂരമാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.