വിദേശത്തുനിന്ന് നിരവധി കോളുകൾ, ഉപയോഗിക്കുന്നവർക്ക് രഹസ്യ നമ്പർ…ജഡ്ജി മുക്കിലും കൊച്ചി നഗരത്തിലെയും സമാന്തര ടെലിഫോൺ എക്സേഞ്ചുകളുടെ പ്രവർത്തനരീതി ഞെട്ടിപ്പിക്കുന്നത്, ഭീകരബന്ധമെന്നും സംശയം
കൊച്ചി: ടെലികോം വകുപ്പിനെ ഞെട്ടിച്ച് കൊച്ചിയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന രണ്ട് സമാന്തര ടെലിഫോൺ എക്സേഞ്ചുകൾ പൊലീസ് കണ്ടെത്തി. ടെലികോം വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. കാക്കനാടിന് സമീപം ജഡ്ജി മുക്കില വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലുമാണ് ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്.ദിനംപ്രതി ആയിരക്കണക്കിന് വിദേശകോളുകളാണ് കൈകാര്യം ചെയ്തിരുന്നത്. തൃക്കാക്കരയ്ക്ക് സമീപം വീട് വാടകക്കെടുത്ത് സമാന്തര എക്സ്ചേഞ്ചു നടത്തിയ സംഭവത്തിൽ കാളിയാർ സ്വദേശി റസൽ ഒളിവിലാണ്. ഇയാളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. കൊച്ചിയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലും വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.മുറിയിൽ ഉണ്ടായിരുന്ന ഒരു കമ്പ്യൂട്ടറും രണ്ടു മോഡവും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തു.തൃക്കാക്കരയിൽ പിടിച്ചെടുത്ത കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ ഫോൺ വിളിക്കുന്നതിനായി വിദേശത്ത് പ്രവർത്തിക്കുന്ന ഏജൻസികളുമായി സ്ഥാപനത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.വിദേശത്ത് നിന്ന് നിരവധി കോളുകൾവിദേശത്ത് നിന്ന് കേരളത്തിലേക്ക് വരുന്ന ഇന്റർനെറ്റ് കോളുകൾ ലോക്കൽ കോളുകളാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഉപയോക്താക്കൾക്ക് ഏജൻസി നൽകിയ രഹസ്യ നമ്പറിൽ നിന്ന് വരുന്ന കോളുകൾ ചില ഉപകരണങ്ങളുമായി ബന്ധപ്പെടുത്തിയാണ് ടെലഫോൺ സേവന ദാതാക്കളെ കബളിപ്പിച്ചിരുന്നത്. ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം തുക ഏജൻസികൾ വീതിച്ചെടുക്കും. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സർക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികൾക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും. വിദേശത്ത് നിന്ന് വരുന്ന 120 ലധികം കോളുകൾ ഒരേ സമയം സ്വീകരിക്കാവുന്ന സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിരുന്നതായും ദിവസേന ആയിരത്തിലധികം കോളുകൾ സ്ഥാപനം വഴി നടത്തിയിരുന്നതായും സൂചനയുണ്ട്.തീവ്രവാദ ബന്ധവും?ഏത് രാജ്യത്ത് നിന്നുള്ള ഫോൺ കോളുകളാണെന്ന് കണ്ടെത്താൻ പോലും കഴിയാത്തതിനാൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും ഇവ ഉപയോഗിച്ചാൽ പോലും കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ തീവ്രവാദ ബന്ധമോ ഇതിനുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.