എൻസിപി ഇടതു മുന്നണിയിൽ തുടരും: പ്രഫുൽ പട്ടേൽ
ന്യൂഡൽഹി: എൻസിപി ഇടതു മുന്നണി വിടുമെന്ന പ്രചരണങ്ങൾ തള്ളി മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ. ഡൽഹിയിൽ കേരളഘടകം നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നാല് പതിറ്റാണ്ടായി എൻസിപി ഇടതു മുന്നണിക്കൊപ്പമാണ്. നാളെയും അങ്ങനെ തന്നെയായിരിക്കും. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് ചർച്ചകൾക്കായി താൻ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി ഉൾപ്പടെയുള്ള മുതിർന്ന ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്ററും മാണി സി. കാപ്പൽ എംഎൽഎയും ഉടക്കിനിന്ന പാലാ സീറ്റ് വിഷയത്തിൽ സമയവായമായെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.
പാലാ ഉൾപ്പടെ മത്സരിക്കുന്ന നാല് സീറ്റ് വേണമെന്നാണ് എൻസിപിയുടെ നിലപാട്. എന്നാൽ കേരള കോണ്ഗ്രസ്-എമ്മിന്റെ വരവോടെ പാലാ വിട്ടുകൊടുക്കേണ്ടി വന്നാൽ പകരം ജയസാധ്യതയുള്ള മറ്റൊരു സീറ്റ് എന്ന നിലയിലേക്കും എൻസിപി നേതൃത്വം ആലോചിക്കുന്നുണ്ട്. കേരളത്തിലെത്തി പ്രഫുൽ പട്ടേൽ നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.