പുഷ്പനെതിരെ നടത്തിയ വ്യാജ പ്രചരണം പിൻവലിച്ചില്ലെങ്കിൽ സുധാകരനെതിരെ നിയമ നടപടിയെടുക്കും: ഡിവൈഎഫ്ഐ
കണ്ണൂർ: കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത് പോലീസിൻ്റെ വെടിയേറ്റ് ശയ്യാവലംബിയായി കഴിയുന്ന പുഷ്പൻ്റെ പേരിൽ കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന വ്യാജ പ്രചരണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ചതിൽ നിന്നും 35 ലക്ഷം രൂപ സർക്കാർ പുഷ്പന് നൽകിയെന്നാണ് യു.ഡി.എഫ് ജാഥ സ്വീകരണ പൊതുയോഗത്തിൽ കെ.സുധാകരൻ പ്രസംഗിച്ചത്.ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായി 26 വർഷക്കാലമായി ശയ്യാവലംബിയായി കഴിയുന്ന പുഷ്പനെ അവഹേളിക്കുന്ന നുണ പ്രചരണം നടത്തുന്ന സുധാകരൻ പൊതു പ്രവർത്തകർക്ക് തന്നെ അപമാനമാണ്.
കണ്ണുർ ജില്ല ഗുണ്ട ക്രിമിനൽ രാഷ്ട്രീയം വളർത്തിയ ഗുണ്ടാ നേതാവാണ് കെ.സുധാകരൻ.നാൽപാടി വാസുവിനെ വെടിവെച്ച് കൊന്ന് മണിക്കൂറുകൾക്കകം താൻ ഒരുത്തനെ കൊന്നിട്ടാണ് വന്നിരിക്കുന്നതെന്ന് പൊതുയോഗത്തിൽ വീരസ്യം പ്രസംഗിച്ചത് സുധാകരനാണ്. സേവറി ഹോട്ടലിൽ ബോംബെറിഞ്ഞ് നാണുവെന്ന തൊഴിലാളിയെ കൊലപ്പെടുത്തിയത് സുധാകരൻ ഡി.സി.സി പ്രസിഡൻ്റ് ആയിരിക്കുമ്പോഴാണ്.
ആ കാലത്ത് തന്നെയാണ് ഡി.സി.സി ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ തരം ബോംബുകളെക്കുറിച്ച് ഇന്ത്യാടുഡേയിൽ സചിത്ര ലേഖനം വന്നത്. ചൊവ്വ ബേങ്കിലും, കോ-ഓപ്പറേറ്റീവ് പ്രസിലും ജില്ല കൗൺസിൽ ചെയർമാനായിരുന്ന ടി.കെ.ബാലൻ്റെ വീട്ടിൽ അക്രമം നടത്തിയതും സുധാകരൻ ജില്ലയിലെ കോൺഗ്രസിനെ നയിക്കുമ്പോഴാണ്. വാടക കൊലയാളികളെ അയച്ച് ഇ.പി.ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയായിരുന്നു കെ.സുധാകരൻ. ഇത്രയും ക്രിമിനൽ പാരമ്പര്യമുള്ള സുധാകരൻ സമരത്തിൽ പങ്കെടുത്ത് ശയ്യാവലംബിയായവരെ ക്രിമിനൽ എന്നധിക്ഷേപിക്കുന്നത് പരിഹാസ്യമാണ്. പ്രസ്താവന പിൻവലിച്ച് വേദം രേഖപ്പെടുത്തിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് DYFl ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.