ഷിഗെല്ല: തലശ്ശേരിയില്‍ ഹോട്ടല്‍ ഉള്‍പ്പെടെ നാലു സ്ഥാപനങ്ങള്‍ അടപ്പിച്ചു
കണ്ണൂര്‍: ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ ഹോട്ടല്‍ ഉള്‍പ്പെടെ നാലു സ്ഥാപനങ്ങള്‍ അടപ്പിച്ചു. വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടപ്പിച്ചത്. തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടല്‍, കൂള്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. നഗരത്തിലെയും പരിസരങ്ങളിലെയും ചായക്കടകളിലും കൂള്‍ബാറുകളിലും ചില ഹോട്ടലുകളിലും പുറത്തുനിന്ന് കൊണ്ടുവരുന്ന വെള്ളമാണ് ഭക്ഷണം പാകംചെയ്യാനും മറ്റും ഉപയോഗിക്കുന്നത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇരിട്ടി പയഞ്ചേരി മുക്കിലെ ഒമ്ബതു വയസ്സുകാരിക്ക് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കാന്‍ ഫുഡ് സേഫ്റ്റി വിഭാഗം തീരുമാനിച്ചത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണു തീരുമാനം. പരിശോധനയ്ക്കു ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ വി കെ പ്രദീപ് കുമാര്‍, ഫുഡ് സേഫ്റ്റി നോഡല്‍ ഓഫിസര്‍ കെ വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ കെ വി സുരേഷ് കുമാര്‍, കെ സുമേഷ് ബാബു നേതൃത്വം നല്കി.