ശുചീകരണ തൊഴിലാളിയായിരുന്ന ബ്ലോക്ക് പ്രസിഡന്റിനു നേരെ ജാതിയധിക്ഷേപം; ജാതി മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്ന് എം.എല്‍.എയുടെ താക്കീത്
കൊല്ലം: ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത അതേ ബ്ലോക്ക് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റായ ആനന്ദ വല്ലിക്കെതിരെ ജാതിയധിക്ഷേപമെന്ന് പരാതി. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ജോലി ചെയ്യാന്‍ സഹകരിക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് ആരോപണം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ആനന്ദവല്ലിയുമായി സഹകരിക്കാതിരിക്കുക പദവിയോട് ബഹുമാനം കാണിക്കാതിരിക്കുക, ആനന്ദ വല്ലിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുക, തുടങ്ങിയ പ്രവൃത്തികള്‍ സഹജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു എന്നാണ് പരാതി.
പത്തനാപുരം എം.എല്‍.എയായ കെ. ബി ഗണേഷ് കുമാറിനെ ആനന്ദവല്ലി വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. കൊല്ലത്ത് വെച്ച് നടന്ന ഒരു പൊതു പരിപാടിയില്‍ വെച്ച് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്ത് വരുന്നത്.
ദളിത് കുടുംബത്തില്‍ നിന്നും പൊതു രംഗത്തേക്കെത്തിയ ആനന്ദവല്ലിയെ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാവുന്നതല്ലെന്ന് എം.എല്‍.എ പറഞ്ഞു.
താത്കാലിക തൂപ്പുകാരിയായി ജോലി ചെയ്തിരുന്ന ഓഫീസിന്റെ ഉന്നത സ്ഥാനത്തേക്ക് ആനന്ദ വല്ലിയെ ജനങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്തതാണ്. ആനന്ദവല്ലിയെ വേദനിപ്പിക്കുന്നതാരായാലും വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
ജാതിയധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജാതി മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചയാളാണ് ആനന്ദവല്ലി. ആനന്ദവല്ലിക്ക് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളിയായി ജോലി നോക്കുന്ന സമയത്തും കടുത്ത ജാതിയധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.