ഭുവനേശ്വര്‍∙ മരിച്ചെന്നു കരുതി സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ മധ്യവയസ്കന് ശവമഞ്ചത്തില്‍നിന്ന് എഴുന്നേറ്റു. ചിതയിലേക്ക് വയ്ക്കുന്നതിനു തൊട്ടുമുന്‍പാണ് 52കാരനായ സിമഞ്ചല്‍ മാലിക്ക് ശവമഞ്ചത്തില്‍ നിന്നും എഴുന്നേറ്റത്. ഒഡിഷയിലാണു ലൗഖലയിലാണു സംഭവം.
ഇടിമിന്നലേറ്റു മരിച്ചെന്നു കരുതി ബന്ധുക്കളും ഗ്രാമവാസികളും ചിതയിലേക്കു എടുക്കുന്നതിനു തൊട്ടുമുന്‍പ് മാലിക്കിന് ബോധം തെളിയുകയായിരുന്നു. വനത്തിനുള്ളില്‍ ആടുമേയ്ക്കാന്‍ പോയ മാലിക് അവിടെവച്ച് ബോധരഹിതനായി. തുടര്‍ന്ന് ഗ്രാമവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ കാട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഇയാളെ കണ്ടെത്തി.
മരിച്ചെന്നു കരുതി ശ്മശാനത്തിലേക്ക് എത്തിച്ച് ചിതയിലേക്ക് ഏടുക്കുന്നതിനു തൊട്ടു മുന്‍പ് ബോധം വന്ന മാലിക് ശവമഞ്ചത്തില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു.
ഇതു കണ്ട കുടുംബാംഗങ്ങളും ഗ്രാമവാസികളും ഭയന്നു പിന്നോട്ടുമാറി. കടുത്ത പനി ബാധിച്ചിരിക്കെയാണ് ആടിനെ മേയ്ക്കാന്‍ മാലിക് കാട്ടില്‍ പോയത്. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതിനിടെ ബോധം തിരിച്ചു കിട്ടിയെന്ന് മാലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.