സ്നേഹ സാന്ത്വനം, സർക്കാർ കൂടെയുണ്ട് ഇന്ന് അനുവദിച്ചത് അഞ്ചുകോടി
തിരുവനന്തപുരം:അവശരും വൃദ്ധരും രോഗികളും അവസരം കാത്തുനിന്നില്ല, സ്ത്രീകളും കുട്ടികളും പാതയോരങ്ങളിൽ പ്രദർശന വസ്തുക്കളായില്ല. പരാതികളുമായെത്തിവരെ മന്ത്രിമാർ ചേർത്തുപിടിച്ചു. കാലങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിയവയെല്ലാം സാന്ത്വനസ്പർശത്തിൽ കുരുക്കഴിഞ്ഞു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, ആലപ്പുഴ കൊല്ലം ജില്ലകളിൽ തിങ്കളാഴ്ച നടന്ന അദാലത്തിൽ 4,97,66,500രൂപയുടെ ധനസഹായം വിതരണംചെയ്തു. 17,446 പരാതികളിൽ 6735 പരാതികളും വേദിയിൽ തന്നെ പരിഹരിച്ചു. ബാക്കി രണ്ടു ദിവസത്തിനകം പരിഹരിക്കും.
മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിഅമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രൻ, ഡോ. ടി എം തോമസ് ഐസക്, ജി സുധാകരൻ, പി തിലോത്തമൻ, എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, പ്രൊഫ. സി രവീന്ദ്രനാഥ്, ടിപി രാമകൃഷ്ണൻ, കെ ടി ജലീൽ, എ കെ ശശീന്ദ്രൻ, ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ അദാലത്തുകളിൽ പങ്കെടുത്തു.
തൃശൂർ താലൂക്കിൽ 934 പരാതി തീർപ്പാക്കി. 24, 61,500 രൂപയുടെ സഹായമനുവദിച്ചു. മൊത്തം 1948 അപേക്ഷയാണ് ലഭിച്ചത്.കണ്ണൂർ ഇരിട്ടി താലൂക്കിൽ ആകെ 1266 അപേക്ഷയിൽ 400ഉം തീർപ്പാക്കി. 30 ലക്ഷത്തോളം രൂപയുടെ സഹായം നൽകി.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ധനസഹായം അനുവദിച്ചത്, 3.05 കോടിരൂപ. അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾക്കായുള്ള അദാലത്തിൽ 4839 പരാതികളിൽ 4287ഉം പരിഹരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 1469 പരാതി പരിഹരിച്ചു. കൊല്ലത്ത് ചികിത്സാ ധനസഹായംമാത്രം 1, 32,05,000 രൂപ അനുവദിച്ചു. 7924 അപേക്ഷലഭിച്ചതിൽ 1114 തീർപ്പാക്കി.