ഓൺലൈൻ പഠനത്തിന് സഹോദരങ്ങളുടെ ആപ്പ്പാലക്കുന്ന് അംബിക സ്കൂളിന് വേണ്ടി പൂർവ വിദ്യാർത്ഥികളായ സഹോദരങ്ങളാണ്ഇത് തയ്യാറാക്കിയത്
പാലക്കുന്ന് : കോവിഡ്കാല ഓൺ ലൈൻ പഠനത്തെ സഹായിക്കാൻ പൂർവ വിദ്യാർത്ഥികളായ സഹോദരങ്ങൾ വികസിപ്പിച്ചെടുത്ത ആപ്പ് ഏറെ ശ്രദ്ധേയമായി. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ എഞ്ചിനീയറിങ് ബിരുദധാരിയും ബാംഗളൂർ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുന്ന ശ്രാവൺ സഹോദരനായ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി സനത്തിന്റെ സഹായത്തോടെയാണ് ഈ പഠനസഹായി വികസിപ്പിച്ചെടുത്തത്. ഇതേ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സഹോദരി കണക്ക് വിഷയത്തിൽ സംശയങ്ങൾ ആവർത്തിക്കുന്നത് പതിവായപ്പോഴാണ് ആപ്പിനെ പറ്റി ചിന്തിച്ചു തുടങ്ങിയതെന്നു ശ്രാവൺ പറഞ്ഞു. അതാണ് പിന്നീട് തങ്ങൾ എല്ലാവരും പഠിച്ച സ്കൂളിന് സൗജന്യമായി ആപ്പ് നൽകിയത്. പാലക്കുന്ന് റീജിനൽ ഗ്രൂപ്പ് ഉടമ കുന്നുമ്മൽ കുമാരന്റെയും ഗീതയുടെയും മക്കളാണ്.
തങ്ങൾ പഠിച്ചിറങ്ങിയ സ്കൂളിലെ അധ്യാപർക്ക് ഗുരു ദക്ഷിണയായി സമർപ്പിച്ച ആപ്പിന്റെ ലോഞ്ചിങ്ങ് വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രൻ നിർവഹിച്ചു. പ്രിൻസിപ്പൽ പി. മാധവൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പള്ളം നാരായണൻ, അഡ്മിനിസ്ട്രേറ്റർ എ. ദിനേശൻ, സ്വപ്ന മനോജ് എന്നിവർ പ്രസംഗിച്ചു.