കേരളത്തിൽ പഴക്കം ചെന്ന11.27 ലക്ഷം വാഹനങ്ങൾ ; പൊളിക്കേണ്ടവയുടെ കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സ്ക്രാപേജ് പോളിസിക്ക് അംഗീകാരം നൽകുന്നതായി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാനത്തുള്ള 11,27,937 വാഹനങ്ങൾ പഴക്കം ചെന്നവയിൽ ഉൾപ്പെടുന്നു. ഇവയിൽ വാണിജ്യ വാഹനങ്ങൾ 3.5 ലക്ഷവും സ്വകാര്യ വാഹനങ്ങൾ 7.77 ലക്ഷവുമാണ്. ഫിറ്റ്നെസ് തെളിയിക്കാത്തവ മാത്രമേ പൊളിക്കേണ്ടിവരൂ. ഫിറ്റ്നെസ് പാസായാൽ അഞ്ച് വർഷം കൂടി വാഹനങ്ങൾ ഓടിക്കാം. അതിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തണം.
ഫിറ്റ്നെസ് തെളിയിച്ചാൽ നിലവിലുള്ളതുപോലെ ഉപയോഗിക്കാനാകുമെന്നാണ് ലഭിക്കുന്ന വിവരം. ഫിറ്റ്നെസ് പാസാകാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകും. ഇവ അൺരജിസ്ട്രേഡ് ആയാണ് കണക്കാക്കുക. വാഹനം നിരത്തിലിറക്കാൻ കഴിയില്ലെന്ന് സാരം. വിശദമായ വിജ്ഞാപനം വന്നാലെ വ്യക്തത ഉണ്ടാകൂയെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.
രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചത് പ്രകാരം സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി. അതിൽ സ്ക്രാപേജ് പോളിസി പ്രകാരം കേരളത്തിൽ 3.5 ലക്ഷം വാണിജ്യ വാഹനങ്ങൾ പൊളിക്കേണ്ടി വരും. ഓട്ടോറിക്ഷ 1,47,756, ചരക്ക് വാഹനങ്ങൾ 1,22,112, ടാക്സി 62,050, ബസുകൾ 480, മറ്റുള്ളവ 13556 എന്നിങ്ങനെയാണ്.
7,77,661 സ്വകാര്യ വാഹനങ്ങളാണ് സംസ്ഥാനത്ത് സ്ക്രാപേജ് പോളിസി പ്രകാരം പൊളിക്കേണ്ടതായുള്ളത്. അതിൽ കാർ 2,57,563, ഓട്ടോറിക്ഷ 8,512, സ്വകാര്യ സർവ്വീസ് വാഹനങ്ങൾ 20,614, ട്രാക്ടർ 1357, മറ്റുള്ളവ 5600 എന്നിങ്ങനെയാണ് കണക്കുകൾ.
മലിനീകരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് സ്ക്രാപേജ് പോളിസി. വാഹന നിർമ്മാണ കമ്പനികൾക്കാണ് സ്ക്രാപ്പ് നൽകുക. 2022 ഏപ്രിൽ ഒന്നിന് പുതിയ നിയമം പ്രാബല്യത്തിൽ വരും