പാലക്കുന്ന് ക്ഷേത്രത്തിൽ വലിയ കലംകനിപ്പ് മഹാനിവേദ്യം വെള്ളിയാഴ്ച്ച ;ഘോഷയാത്രയും ആൾക്കൂട്ടവുംപാടില്ലെന്ന് കർശന നിർദ്ദേശം
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ വലിയ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം വെള്ളിയാഴ്ച നടക്കും. രാവിലെ ഭൺഡാര വീട്ടിൽ നിന്നുള്ള പണ്ടാരക്കലമായിരിക്കും ആദ്യം ക്ഷേത്രത്തിൽ സമർപ്പിക്കുക. നോറ്റുകുളിച്ചു വ്രതശുദ്ധിയോടെ തീയ്യ സ്ത്രീകളാണ് നേർച്ച സമർപ്പിക്കാറെങ്കിലും പുരുഷന്മാർക്കും ഇതിന് വിലക്കില്ല. കുത്തിയെടുത്ത പച്ചരി, ശർക്കര, നാളികേരം, അടക്ക, വെറ്റില എന്നിവയാണ് ഓരോ കലത്തിലും ഉണ്ടാവുക. പച്ചരിയിൽ നിന്ന് ഒരു നാഴി പൊടിച്ചത് വേറെയും വേണം. ഇവയെല്ലാം പുത്തൻ മൺകലത്തിൽ നിറച്ച് വാഴയില കൊണ്ട് മൂടികെട്ടി കൈയിൽ കുരുത്തോലയുമായാണ് സ്ത്രീകൾ ക്ഷേത്രത്തിലെത്തുക. കലത്തിലെ വിഭവങ്ങൾ വേർതിരിച്ച്, പാകം ചെയ്ത ചോറും ചുട്ടെടുത്ത അടയും നിവേദിച്ചശേഷം ശനിയാഴ്ച രാവിലെ തിരിച്ചു നൽകും.
കുംഭത്തിലെ ഭരണിയാണ് പ്രധാന ഉത്സവമെങ്കിലും അപൂർവമായ ആചാര വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ് മകര മാസത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം. ആറ്റുകാൽ പൊങ്കാലയ്ക്ക്, നിവേദ്യം സമർപ്പിക്കുന്നവർ തന്നെ അടുപ്പുണ്ടാക്കി പാകം ചെയ്യുമ്പോൾ പാലക്കുന്നിൽ ഇത് ക്ഷേത്രത്തിൽ വെച്ച് പാകം ചെയ്ത് നൽകി പ്രസാദിക്കുന്നതാണ് ആചാരം. ഇതിന് മുന്നോടിയായി ചെറിയ കലംകനിപ്പ് ഒരു മാസം മുൻപ് നടന്നു. പാലക്കുന്ന് കഴകത്തിലെ വിവിധ പ്രാദേശിക സമിതിയിൽ നിന്ന് പ്രത്യേകം പ്രത്യേകം ഘോഷയാത്രയോടെ പുത്തൻ മൺകലങ്ങൾ തലയിലേറ്റി സംഘം ചേർന്ന് ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് പതിവെങ്കിലും കോവിഡ് 19 നിബന്ധനകൾ മാനിച്ച് ആ രീതിയും ആഘോഷങ്ങളും തീർത്തും ഒഴിവാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിനകത്തും പുറത്തും ആൾക്കൂട്ടം നിരോധിക്കും. ക്ഷേത്ര ഭരണ സമിതിയുടെയും സർക്കാരിന്റെയും കോവിഡ് വ്യാപന വിരുദ്ധ നിബന്ധനകൾ ക്ഷേത്രത്തിൽ എത്തുന്നവർ കർശനമായി പാലിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിപണി കണ്ടെത്താനാവാതെ പ്രതിസന്ധിയിലായ മൺപാത്രനിർമാണം ജീവിതമാർഗമായി സ്വീകരിച്ച നീലേശ്വരം എരിക്കുളം, പെരിയ കീക്കാൻ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് തെല്ലൊരു ആശ്വാസമാണ് പാലക്കുന്നിലെ കലംകനിപ്പ്. ഒരു മാസം മുൻപ് തന്നെ പാലക്കുന്ന് ടൗണിലെ വിവിധ ഭാഗങ്ങളിൽ കലവുമായി വിൽപ്പനക്കാരെത്തും. നൂറു മുതൽ 120 രൂപ വരെയാണ് കലത്തിന്റെ വില