പെൺകരുത്തിൽ ചന്ദ്രപുരത്ത് അന്നപൂർണേശ്വരി ക്ഷേത്രമൊരുങ്ങും;വ്യാഴാഴ്ച്ച മഹാസുദർശനഹോമം
പാലക്കുന്ന്: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപവത്കരിച്ച രണ്ട് കമ്മിറ്റികളും പല കാരണങ്ങളാല്‍ നിര്‍ജീവമായപ്പോള്‍ ചന്ദ്രപുരത്ത് അന്നപൂര്‍ണേശ്വരി ക്ഷേത്രം എന്ന സങ്കല്പം ഭക്തമനസുകളില്‍ നിന്ന് തേഞ്ഞു മാഞ്ഞുപോകാതിരിക്കാന്‍ സ്ത്രീ കൂട്ടായ്മ രംഗത്ത്. ആ ദൗത്യം സധൈര്യം ഏറ്റെടുത്ത് മുന്നിട്ടിറങ്ങിയിരിക്കുകയാണ് ആറാട്ടുകടവ് ചന്ദ്രപുരത്തെ ഒരു കൂട്ടം വനിതകള്‍. പാലക്കുന്നില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ കിഴക്കുമാറി പനയാല്‍ ഗ്രാമത്തിലാണിത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ അന്നപൂര്‍ണേശ്വരി സങ്കല്പം ഉണ്ടായിരുന്നുവെന്നത് കേട്ടറിവ് മാത്രം. നാല് പതിറ്റാണ്ടിലേറെയായി ദേവിയുടെ പേരില്‍ ക്ഷേത്രം പണിയാനുള്ള ശ്രമം ലക്ഷ്യം കണ്ടില്ല. തുടര്‍ന്നാണ് പ്രദേശത്തെ സ്ത്രീകള്‍ ഇതിനായി രംഗത്ത് വന്നത്. മല്ലപ്പേശ്വരി അനാഥ മന്ദിരത്തില്‍ അന്നദാനം നടത്തി ക്ഷേത്രനിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഡിസംബര്‍ 12ന് ശ്രീകൃഷ്ണ അഡികയുടെ കാര്‍മികത്വത്തില്‍ ബാലാലയത്തില്‍ ഛായാപ്രതിഷ്ഠ നടത്തി. അന്നുമുതല്‍ അവിടെ ദീപം തെളിയിക്കുന്നതും ഈ കൂട്ടായ്മയിലെ സ്ത്രീകള്‍ തന്നെ. കുട്ടികളടക്കം പ്രായവ്യതാസമില്ലാതെ എല്ലാ സ്ത്രീകളേയും ഈ കൂട്ടായ്മയില്‍ ചേര്‍ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രം പണിയാനായി സ്വകാര്യ വ്യക്തിയുടെ 28 സെന്റ് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്കി ക്കഴിഞ്ഞു.
ഉദുമ, പള്ളിക്കര പഞ്ചായത്തുകള്‍ അതിരുകള്‍ പങ്കിടുന്ന പ്രദേശമാണിത്. ഒന്നര കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ ആരാധനാലയം ജില്ലയിലെ ആദ്യത്തെ അന്നപൂര്‍ണേശ്വരി ക്ഷേത്രമായിരിക്കും. മൂന്ന് ശ്രീകോവിലുകള്‍ ഉണ്ടായിരിക്കും. അന്നപൂര്ണേശ്വരിക്കു പുറമെ ഉപദേവതമാരായി ശാസ്താവിനെയും ഗണപതിയെയും പ്രതിഷ്ഠിക്കും. ക്ഷേത്ര നിര്‍മാണത്തിന്റെ മുന്നോടിയായി
നാലിന് വൈകുന്നേരം സന്ധ്യയോടെ കുണ്ടാര്‍ രവീഷ് തന്ത്രിയുടെയും അരവത്ത്
ദാമോദര തന്ത്രിയുടെയും കര്‍മികത്വത്തില്‍ മഹാസുദര്‍ശന ഹോമം നടക്കും.
ക്ഷേത്ര ചരിത്ര പുസ്തകം ധര്‍മസ്ഥല ധര്‍മാധികാരി വീരേന്ദ്രഹെഗ്ഡെ നേരത്തേ പ്രകാശനം ചെയ്തിരുന്നു.
വിജയലക്ഷ്മി കടമ്പഞ്ചാല്‍ പ്രസിഡന്റായ താല്‍ക്കാലിക കമ്മിറ്റിയാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്. വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് അവര്‍ അറിയിച്ചു.