അഡൂർ: മണൽക്കടത്തിനെച്ചൊല്ലിയുള്ള പ്രശ്നത്തിന്റെ തുടർച്ചയായി യുവാവ് സഞ്ചരിച്ച കാറിനെ പിന്തുടർന്നെത്തിയ മറ്റൊരു കാർ 40 അടി താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തി. ഇതേത്തുടർന്നുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. പള്ളങ്കോട്ടെ സത്താറി(19)നാണ് പരിക്കേറ്റത്.
ബെളുത്തങ്ങാടിയിൽപ്പോയി കാറിൽ തിരിച്ചുവരികയായിരുന്ന സത്താറിനെ കൊട്ടിയാടിയിൽനിന്ന് മനാഫ് എന്നയാൾ മറ്റൊരു കാറിൽ പിന്തുടരുകയായിരുന്നു. ഇതറിഞ്ഞ സത്താർ കാറിന് വേഗംകൂട്ടിയതോടെ മനാഫും കാറിന്റെ വേഗംവർധിപ്പിക്കുകയായിരുന്നു.
പള്ളങ്കോട്ടെത്തിയപ്പോൾ സത്താറിന്റെ കാറിന്റെ പിറകിൽ മനാഫിന്റെ കാർ ഇടിച്ചു. ഇതോടെ സത്താർ സഞ്ചരിച്ച കാർ 40 അടി താഴ്ചയിലേക്ക് മറിയുകയും ഇടിച്ചകാർ നിർത്താതെ ഓടിച്ചുപോവുകയുംചെയ്തു. പരിക്കേറ്റ സത്താർ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. സത്താറിനെ ഇടിച്ചുവീഴ്ത്തിയ കാർ പിന്നീട് കുണ്ടറിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും നേരത്തേ സുഹൃത്തുക്കളായിരുന്നു. മണൽക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിൽ തർക്കത്തിലായ ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. ഇതേത്തുടർന്നാണ് മനാഫ് സത്താറിനെ വധിക്കാൻശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ആദൂർ പോലീസ് മനാഫിനെതിരേ വധശ്രമത്തിന് കേസെടുത്തു. അപകടം നടന്നയുടൻ മനാഫ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.