കാഞ്ഞങ്ങാട് കാണിയൂർ പാത: ആശങ്ക വേണ്ടെന്ന് മന്ത്രി ഇ .ചന്ദ്രശേഖരൻ കർണാടകയിലും ഇടപെടും
കാഞ്ഞങ്ങാട് : സമഗ്ര റെയിൽവെ വികസനത്തിൻ്റെ നാഴികക്കല്ലായി മാറുന്ന കാഞ്ഞങ്ങാട് – പാണത്തൂർ, കാണിയൂർ റെയിൽവെ പാത വിഷയത്തിൽ കേരള സർക്കാർ ഇതിനകം അനുകൂലമായ തീരുമാനമെടുക്കുകയും സംസ്ഥാന ബജറ്റിൽ 20 – കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ.
വിഷയത്തിൽ കർണാടക സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഇനിയും അനുകൂലമായ തീരുമാനമുണ്ടായിട്ടില്ല : റെയിൽ പാത യാഥാർത്ഥ്യമാവാൻ കർണാടക സർക്കാറും അനുകൂലമായ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി .
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാന വിഹിതം സംബന്ധിച്ച് ദക്ഷിണ റെയിൽവെ ആസ്ഥാനത്ത് നിന്ന് കേരള സർക്കാറിന് ലഭിച്ച കത്തിൽ ചൂണ്ടിക്കാണിച്ച അവ്യക്തത നീക്കാൻ നടപടിയെടുക്കും.ഇതിനായി മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്നും വിഷയത്തിൽ ആശങ്ക വേണ്ടെന്നും കാഞ്ഞങ്ങാട് വികസന സമിതി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കി
വികസന സമിതി കൺവീനർ സി. യൂസഫ്.ഹാജി, സി.എ പീറ്റർ , ടി.മുഹമ്മദ് അസ്ലം, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി.കെ നാരായണൻ , എം.എ വിനോദ് എന്നിവരാണ് കഴിഞ്ഞ ദിവസം മന്ത്രി ഇ .ചന്ദ്രശേഖരനെകണ്ട് നിവേദനം നൽകിയത് . അതേസമയം വികസന സമിതി പ്രവർത്തകരായ സൂര്യനാരായണഭട്ട് , അഡ്വ: എം.വി ഭാസ്ക്കരൻ എന്നിവർ സുള്ള്യയിൽ നിന്നുള്ള എം.എൽ.എ.യായ കർണാടക മന്ത്രി എസ്.അങ്കാരയെ കണ്ട് സംസാരിക്കുകയുണ്ടായി . കർണാടക സർക്കാറിൽ നിന്ന് കാണിയൂർ പാതക്കനുകൂല്യമായ തീരുമാനമെടുക്കാൻ ഇടപെടുമെന്ന് തൽസമയം മന്ത്രി അങ്കാര ഉറപ്പു നൽകിയതായി ഇരുവരും പറഞ്ഞു.