കൊള്ളപ്പലിശക്കാരന് രാഷ്ട്രീയ സംരക്ഷണമെന്ന്; ബ്ലേഡ് സുനി ജില്ല വിട്ടതായി സൂചന
നീലേശ്വരം: കൊള്ളപ്പലിശ ഇടപാട് കേസ്സിലെ പ്രതി മടിക്കൈ കണ്ടംകുട്ടിച്ചാലിലെ കടവത്ത് സുനിൽകുമാർ കാസർകോട് ജില്ല വിട്ടതായി സൂചന. നീലേശ്വരം- ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ റജിസ്റ്റർ ചെയ്തതോടെ സുനിൽകുമാർ കാസർകോട് വിട്ടെന്നാണ് കരുതുന്നത്.
സുനിലിന്റെ പേരിലുള്ള മൊബൈൽ ഫോണുകൾ മുഴുവൻ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
രാഷ്ട്രീയ സംരക്ഷണമുള്ള പ്രതിയെ ജില്ല കടത്തി ഒളിത്താവളത്തിലേക്ക് മാറ്റിയെന്നാണ് ആരോപണം.
ഇതിനിടെ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
നിരവധി കുടുംബങ്ങളെ കണ്ണീർക്കയത്തിലേക്ക് തള്ളിവിടുകയും സാധാരണക്കാരെ കൊള്ളപ്പലിശ ഈടാക്കി ചൂഷണം ചെയ്യുകയും ചെയ്ത സുനിൽകുമാറിനെതിരെ മൗനം പൂണ്ട രാഷ്ട്രീയ സംഘടനകൾ ഇപ്പോൾ പ്രതിയെ സംരക്ഷിക്കുന്നത് നാട്ടുകാരിൽ വലിയ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.