ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികള്‍’വീക്ഷണം പത്രത്തിലെ കാസർകോട്ടെ രണ്ട് ജീവനക്കാര്‍ക്ക് സസ്പെൻഷൻ
കാസർകോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ച് വീക്ഷണം പത്രത്തില്‍ പരസ്യം വന്ന സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. കാസര്‍ഗോഡ് ബ്യൂറോയിലെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് പാര്‍ട്ടി പത്രത്തില്‍ അച്ചടിച്ച് വന്നത് വിവാദമായതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ നേരത്തെ കെപിസിസി നേതൃത്വം വീക്ഷണം മാനേജ്മെന്റിനോട് വിശദീകരണം തേടിയിരുന്നു. പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയ മാനേജ്മെന്റ്, കാസര്‍ഗോഡ് ബ്യൂറോയിലെ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നും എന്നാല്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും വീക്ഷണം എംഡിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ജെയ്സണ്‍ ജോസഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് മാനേജ്മെന്റ് തീരുമാനം.
ജെയ്സണ്‍ ജോസഫ്, ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായതിനാല്‍ പിന്നില്‍ ഗൂഢാലോചനയുള്ളതായി ചില ഐ ഗ്രൂപ്പ് കേന്ദ്രങ്ങള്‍ സംശയിച്ചിരുന്നു. എന്നാല്‍ അച്ചടിപ്പിശക് സംഭവിച്ചതെന്നാണ് വീക്ഷണം മാനേജ്മെന്റിന്റെ വിശദീകരണം.