തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ എസ്.ഐ.യെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; കോണ്‍സ്റ്റബിളിന് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ എസ്.ഐ.യെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി. എസ്.ഐ.യായ ബാലുവാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
പുലര്‍ച്ചെ കെര്‍ക്കെ ജങ്ഷനിലെ ഒരു ഹോട്ടലില്‍ തര്‍ക്കം നടക്കുന്നത് കണ്ടാണ് എസ്.ഐ. ബാലുവും കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയും ഇവിടേക്കെത്തുന്നത്. തുടര്‍ന്ന് തര്‍ക്കം പരിഹരിച്ചശേഷം ഇരുവരും പട്രോളിങ്ങിന് പോകാനായി ഇരുചക്രവാഹനത്തിനടുത്തെത്തി. ഇതിനിടെ, നേരത്തെ ഹോട്ടലിലെ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിരുന്ന മുരുകവേല്‍ എന്നയാള്‍ മദ്യലഹരിയില്‍ പോലീസുകാരോട് തട്ടിക്കയറി. ഇയാളെ പിന്തിരിപ്പിച്ചയച്ച ശേഷം പോലീസുകാര്‍ ഇരുചക്രവാഹനത്തില്‍ യാത്ര തുടര്‍ന്നു. ഇതിനുപിന്നാലെയാണ് മുരുകവേല്‍ തന്റെ ലോറിയുമായി എത്തി പോലീസുകാരുടെ ഇരുചക്രവാഹനത്തിലിടിപ്പിച്ചത്.
എസ്.ഐ. ബാലു തല്‍ക്ഷണം മരിച്ചു. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട മുരുകവേലിനെ പിടികൂടാന്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. പത്ത് പ്രത്യേക സംഘങ്ങളെയാണ് പ്രതിയെ പിടികൂടാനായി നിയോഗിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം തൂത്തുക്കുടിയിലെത്തി പരിശോധന നടത്തി.