വടകര : കൂടത്തായി കൊലപാതക പരമ്ബര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്‍കിയത് അഭിഭാഷകനാണെന്ന് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുറ്റങ്ങളും ജോളി സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കില്‍ പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എല്ലാ തെളിവുകളും കൈവശമുണ്ടായിരുന്നു. തലേദിവസം താമരശേരി പോലീസ് സ്റ്റേഷന് മുന്നിലൂടെയാണ് ജോളി അഭിഭാഷകനെ കാണാന്‍ പോയത്. അഭിഭാഷകനാണ് ചോദ്യം ചെയ്യലില്‍ പ്രതിരോധിക്കാന്‍ ജോളിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്- അദ്ദേഹം പറഞ്ഞു.
അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ്. എന്നാല്‍ പിന്നീട് എല്ലാ കൊലപാതകങ്ങളിലും അവര്‍ കുറ്റ സമ്മതം നടത്തി. അഭിഭാഷകന് പ്രൊഫഷണലിസമാകാം. കക്ഷിയെ സഹായിക്കാം. എന്നാല്‍ കുറച്ചൂകൂടി സാമൂഹിക പ്രതിബന്ധത കാണിക്കേണ്ടതായിരുന്നു.- എസ്.പി പറഞ്ഞു. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട ആറ് കേസുകളും അന്വേഷിക്കുന്നത് വിദഗ്ധരായ ഡിവൈഎസ്പിമാരാണ്. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.