കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യകേരള യാത്രക്ക് മുമ്പ് ചെന്നിത്തലയും സോളാർ കേസിലെ പ്രതി സരിത എസ് നായരും ഒരേ ദിവസം കൊല്ലൂരിലെത്തിയതിൽ ആരോപണവുമായി സി പി എം. കാസർകോടിന് അപ്പുറത്ത് കർണാടകത്തിലെ കൊല്ലൂരിൽ എങ്ങനെയാണ് ഒരേദിവസം രമേശ് ചെന്നിത്തലയും സരിത നായരും എത്തിയതെന്നാണ് സി പി എം നേതാവ് വി പി പി മുസ്തഫ ചോദിക്കുന്നത്.ഉമ്മൻചാണ്ടിയെ ഉയർത്തികാട്ടാനുളള ഹൈക്കമാൻഡ് തീരുമാനം വന്നതോടെ രമേശ് ചെന്നിത്തല ദു:ഖിതനാണെന്നാണ് മുസ്തഫ പറയുന്നത്. ഡൽഹയിൽ ഹൈക്കമാൻഡ് തീരുമാനം വന്നപ്പോൾ മ്ലാനവദനനായ രമേശ് ചെന്നിത്തല ഇറങ്ങിവരുന്നതിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. അന്ന് മുതലുളള പ്രശ്നങ്ങൾ കോൺഗ്രസിനകത്ത് നിൽക്കുന്നുണ്ട്. ഇപ്പോൾ പുതുപ്പളളി മണ്ഡലത്തിൽ നിന്നും മാറ്റി നേമത്ത് മത്സരിപ്പിക്കാൻ പോകുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മുസ്തഫ പറഞ്ഞു.കോൺഗ്രസിനകത്ത് നേതൃപോര് വളരെ രൂക്ഷമായി വരികയാണ്. അതിന്റെ ഭാഗമായിട്ടാണ് സോളാറിൽ സി ബി ഐക്ക് കേസന്വേഷണം വിടണമെന്നാവശ്യപ്പെട്ട് പരാതി കൊടുത്തത്. ആ സരിതയും രമേശ് ചെന്നിത്തലയും ജാഥ ആരംഭിക്കുന്നതിന്റെ തലേ ദിവസം യാദൃശ്ചികമായിട്ടാണ് അവിടെയെത്തിയതെന്ന് സാമാന്യം നമുക്ക് പറയാൻ കഴിയുമോയെന്നും മുസ്തഫ ചോദിച്ചു.ഇന്നലെയാണ് സരിത എസ് നായരും രമേശ് ചെന്നിത്തലയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ഒരേ ദിവസമാണ് കൊല്ലൂരിൽ എത്തിയതെങ്കിലും രണ്ട് സമയത്താണ് ഇരുവരും സന്ദർശനം നടത്തി മടങ്ങിയത്.