നീലേശ്വരം: കൊള്ളപ്പലിശക്കാരൻ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ കടവത്ത് സുനിൽ കുമാർ എന്ന ബ്ലേഡ് സുനിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുയരുന്നു. കോട്ടപ്പുറത്തെ വീട്ടമ്മയുടെ പരാതിയിൽ കേസ്സെടുത്ത് നീലേശ്വരം എസ്ഐ കെപി. സതീഷിന്റെ നേതൃത്വത്തിൽ സുനിയുടെ മടിക്കൈ നൂഞ്ഞി കണ്ടംകുട്ടിച്ചാലിലെ വീട്ടിലും മറ്റും റെയ്ഡ് നടത്തി നിരവധി രേഖകൾ കണ്ടെത്തിയിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സുനിൽ കുമാറിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
അതേസമയം, ഹൊസ്ദുർഗ് പോലീസിലും സുനിൽ കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരാതിയുമായി ഒഴിഞ്ഞവളപ്പ് സ്വദേശി പ്രസാദിന്റെ ഭാര്യ ഷീബയുടെ പരാതിയിലാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.
2019 ൽ 85000 രൂപ വായ്പ വാങ്ങിയ വീട്ടമ്മ പലിശയടക്കം 185000 രൂപ തിരിച്ചു നൽകിയിട്ടും വീണ്ടും ഒരു ലക്ഷം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയതോടെയാണ് കുടുംബം പരാതിയുമായെത്തിയത്.
സുനി ഒളിവിലാണെന്നാണു പോലീസ് ഭാഷ്യം. എന്നാൽ സുനി നാട്ടിൽ തന്നെ വിലസി നടക്കുന്നതായാണു നാട്ടുകാർ ആരോപിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ സുനിൽകുമാറിനെതിരെ ബ്ലേഡ് ഇടപാട് നടത്തിയതിന് നീലേശ്വരം പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും, കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന ഇടപാട് സുനിൽകുമാർ അന്നും ഇന്നും തുടരുകയായിരുന്നു.
ചില രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്ത ബന്ധം പുലർത്തുന്ന സുനിയെ ഇവർ സംരക്ഷിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.
സുനിൽകുമാറും ബന്ധുക്കളും താമസിക്കുന്ന കണ്ടംകുട്ടിച്ചാൽ, തൈക്കടപ്പുറം കടിഞ്ഞിമൂല, ആലിങ്കീൽ, ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലും ഒരേ സമയം പോലീസ് നടത്തിയ റെയ്ഡിൽ കോടികളുടെ രേഖകളാണ് പിടിച്ചെടുത്തിരിക്കുന്നത്. നിരവധി കുടുംബങ്ങളെ കണ്ണീർക്കയത്തിലേക്ക് തള്ളിയിട്ട സുനിൽ കുമാറിന്റെ വിളയാട്ടം നിർബാധം തുടരുമ്പോഴും മുഖ്യധാരാ രാഷ്ട്രീയ, യുവജന പ്രസ്ഥാനങ്ങൾ തുടരുന്ന മൗനവും ഏറെ ദുരൂഹതയുണർത്തുന്നുണ്ട്.