തൃശ്ശൂർ: തൃശൂര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. രണ്ടാഴ്ചയായി നഗരത്തിന്റെ നടപ്പാതകളിലൂടെ പോകുന്ന സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു ഈ യുവാവ്. ഫിസിയോ തെറപ്പിസ്റ്റാണ് അറസ്റ്റിലായ ആള്.
തൃശൂര്‍ നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. ശാരീരികമായി ആക്രമിക്കുന്നതായിരുന്നു ശൈലി. സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവായപ്പോള്‍ അക്രമിയെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘം രൂപികരിച്ചു. സിസിടിവി ക്യാമറകള്‍ പിന്തുടര്‍ന്ന പൊലീസ് പ്രതിയുടെ വാഹനം തിരിച്ചറിഞ്ഞു. അങ്ങനെയാണ്, ഏനാമാവ് സ്വദേശി അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വണ്ടി വഴിയരികില്‍ നിര്‍ത്തിയിട്ട ശേഷം നടപ്പാതകളിലൂടെ നടക്കും. ഈ സമയം, നടന്നുപോകുന്ന സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നതായിരുന്നു പതിവ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ ഫിസിയോതെറപ്പിസ്റ്റാണ് അറസ്റ്റിലായ അവിനാശെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു