പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുക്കുന്ന കൌമാരക്കാരനെ കുറ്റവാളിയായി കണ്ട് ശിക്ഷിക്കുക എന്നതല്ല പോക്സോ നിയമം ,വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി
ചെന്നൈ :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുക്കുന്ന കൌമാരക്കാരനെ കുറ്റവാളിയായി കണ്ട് ശിക്ഷിക്കുക എന്നതല്ല പോക്സോ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി. വ്യാപകമായ രീതിയില്‍ പോക്സോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നപ്പെടുന്നുവെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ പരാമര്‍ശം. കൌമാരക്കാരികളായ കുട്ടികളുടെ സമപ്രായത്തിലുള്ള ആണ്‍കുട്ടികളുമായുള്ള ചങ്ങാത്തമുണ്ടാവുന്ന സാഹചര്യത്തില്‍ പോലും രക്ഷിതാക്കള്‍ ഈ നിയമത്തെ കൂട്ട് പിടിച്ചാണ് കോടതിയിലെത്തുന്നത്.
ഇതുകൊണ്ട് തന്നെ സാമൂഹ്യപരമയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് കാലാനുസൃതമായ മാറ്റം നിയമത്തില്‍ വേണം. പോക്സോ പോലുള്ള വകുപ്പുകളില്‍ ഇത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എന്‍ വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപയോഗിച്ച സംഭവത്തില്‍ 20കാരന് പ്രതിയായ കേസ് പരിഗണിക്കുകയായിരുന്നു കോടതി. പെണ്‍കുട്ടിയുമായി ഇരുപതുകാരനുണ്ടായിരുന്നത് ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങള്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ നടക്കുന്നുണ്ട്. രക്ഷിതാക്കള്‍ പരാതി നല്‍കുന്നതോടെയാണ് പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നത്. നിരവധി പോക്സോ കേസുകള്‍ ഇത്തരത്തിലുള്ളതാണെന്ന് വ്യക്തമാണ്. ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്ന കൌമാരക്കാരുടെ യുവത്വം കേസോട് കൂടി നിലച്ച സ്ഥിതിയാവും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുന്ന കൌമാരക്കാരനെ തുറങ്കിലടയ്ക്കാനുള്ള ഉദ്ദേശത്തോടെ ആയിരുന്നില്ല ഈ നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു. കൌമാരപ്രായത്തിലുള്ള പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും ഹോര്‍മോണല്‍ മാറ്റങ്ങളും ജൈവപരമായ മാറ്റങ്ങള്‍ക്കൊപ്പം തീരുമാനങ്ങളെടുക്കാന്‍ അവര്‍ പൂര്‍ണ്ണമായി പ്രാപ്തരാവാതെ കാണുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നാണ് കേസ് കാണപ്പെടുന്നത്. ഇത്തരം കേസുകള്‍ കൌമാരക്കാരുടെ സമാനുഭാവത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്നുമാണ് കോടതിയുടെ നിരീക്ഷണം. കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നിയമം ഉണ്ടാക്കിയതെന്നും മദ്രാസ് കോടതി വിലയിരുത്തി.