വനിതാ നേതാക്കളെയിരുത്തി കുഞ്ഞാലിക്കുട്ടി പറഞ്ഞത് ലീഗിൽ വനിത സ്ഥാനാർഥികളുണ്ടാകുമെന്ന് പറയാനാകില്ലെന്ന്,എൽ ഡി എഫിൽ കൂട്ടക്കുഴപ്പമെന്നും
മലപ്പുറം:നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും എൽ.ഡി.എഫിലുള്ളത്ര പ്രശ്നങ്ങൾ യു.ഡി.എഫിലില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് ലീഗ് വനിത ജനപ്രതിനികൾക്ക് നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിത സ്ഥാനാർഥികളുണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാകില്ല. യു.ഡി.എഫിെൻറ സീറ്റ് വിഭജന ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കുകയാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ നല്ല പുരോഗതിയാണുള്ളത്. ഔദ്യോഗികമായ യോഗം കൂടി ചേർന്നാൽ സീറ്റ് വിഭജനത്തിൽ അന്തിമ രൂപമാകും.
കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ട്. വർഗീയ പ്രചാരണങ്ങളോട് കേരളം എതിരായാണ് പ്രതികരിക്കാറുള്ളത്. അതുകൊണ്ട് തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ യു.ഡി.എഫിന് കൂടുതലായി ലഭിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.