തിരുവനന്തപുരം: ആരോപണമുയര്‍ന്ന ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിന് കത്ത് നല്കി. വിവരാവകാശ നിയമപ്രകാരമാണ് സര്‍ക്കാര്‍ കസ്റ്റംസിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്.
ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എത്രപേര്‍ക്ക് സമന്‍സ് അയച്ചു. ഇറക്കുമതി ചെയ്ത വസ്തുക്കളുമായി ബന്ധപ്പെട്ട് കസ്റ്റംസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. തുടങ്ങിയ ആറ് ചോദ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ തേടി അപേക്ഷ നല്‍കിയിരിക്കുന്നത്.
മന്ത്രി കെ.ടി. ജലീലിനേയും പ്രോട്ടോക്കോള്‍ ഓഫീസറേയുമടക്കം ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന് ആരാണെന്നും സര്‍ക്കാര്‍ കസ്റ്റംസിനോട് ആരാഞ്ഞു.
കസ്റ്റംസ് സമന്‍സയച്ചവരുടെ പൂര്‍ണ്ണ വിവരങ്ങളാണ് സര്‍ക്കാര്‍ തേടിയിട്ടുള്ളത്. അവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചു.
ഈ മാസം 28-നാണ് തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവനാണ് കത്ത് നല്‍കിയിട്ടുള്ളത്.