മേല്‍വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊട്ടാല്‍ പീഡനമല്ല: വിവാദ ജഡ്ജിക്കെതിരെ നടപടി
നാഗ്പുര്‍ : ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിക്കെതിരെ നടപടി. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും.
പെണ്‍കുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കില്‍ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറല്‍ അശുതോഷ് കുംഭകോണി ശനിയാഴ്ച അപ്പീല്‍ ഫയല്‍ ചെയ്യും.
എതിര്‍ക്കുന്ന ഇരയെ തനിയെ ഒരാള്‍ക്ക് പീഡിപ്പിക്കാനാവില്ല
കഴിഞ്ഞ ദിവസവും വീണ്ടും വിവാദത്തിനു തിരികൊളുത്തി ഇവര്‍ പുതിയ ഉത്തരവിട്ടു. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്കു ഒറ്റയ്ക്കു സാധിക്കില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം. കേസില്‍ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി കൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ വിചിത്ര നിരീക്ഷണം. ഒരാള്‍ക്കു തനിയെ ഒരേസമയം ഇരയുടെ വായ പൊത്തിപ്പിടിക്കുകയും വസ്ത്രം അഴിച്ച് ബലാത്സംഗം ചെയ്യുകയും അസാധ്യമാണെന്നും വിധിന്യായത്തില്‍ പുഷ്പ ഗനേഡിവാല പറയുന്നു.
2013 ജൂലെയില്‍ അയല്‍വാസിയായ സൂരജ് കാസര്‍കര്‍ എന്ന യുവാവ് പതിനഞ്ചു വയസ്സ് മാത്രമുള്ള തന്റെ മകളെ വീട്ടില്‍ അതിക്രമിച്ച് ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മയാണ് കേസ് ഫയല്‍ ചെയ്തത്. അതിക്രമത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിനു താഴെയാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നുവെന്നും ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
അയല്‍വാസിയായ പ്രതി മദ്യലഹരിയില്‍ സംഭവദിവസം രാത്രി 9.30 ന് വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ ബലാത്സംഗം ചെയ്തുവെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അമ്മയടക്കമുള്ളവര്‍ സംഭവ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നുവെന്നും നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായപൊത്തിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുമാറ്റി പീഡിപ്പിച്ചുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ ശിക്ഷയും നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കി.
തുടര്‍ച്ചയായി വിവാദ ഉത്തരവുകള്‍
ചര്‍മത്തില്‍ തൊടാതെ മാറിടത്തില്‍ പിടിച്ചാല്‍ പീഡനമല്ലെന്നായിരുന്നു പുഷ്പ ഗനേഡിവാല പോക്സോ കേസില്‍ നിരീക്ഷിച്ചത്. 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 39 വയസ്സുകാരനു 3 വര്‍ഷം തടവുശിക്ഷ നല്കിയ സെഷന്‍സ് കോടതി വിധിയാണ് ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയത്. നേരിട്ടുള്ള സ്പര്‍ശത്തിനു തെളിവില്ലാത്തതിനാല്‍ ശിക്ഷ ഒരു വര്‍ഷം തടവു മാത്രമാക്കി ചുരുക്കി. ഇതു സമൂഹമാധ്യമങ്ങളിലടക്കം വന്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കി.ഈ വിവാദ വിധി പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
ഈ വിവാദ വിധിക്കു പിന്നാലെ ഏറെ ചര്‍ച്ചയായ മറ്റൊരു വിധിയും ജസ്റ്റിസ് പുഷ്പ ഗനേഡിവാല പുറപ്പെടുവിച്ചിരുന്നു. അഞ്ചുവയസുകാരിക്കെതിരായ അമ്പത് വയസുകാരന്റെ ലൈംഗികാതിക്രമക്കേസിലാണ് പ്രതിക്ക് അനുകൂലമായ വിധിയുമായി പുഷ്പ ഗനേഡിവാല രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ പിടിക്കുന്നതും പുരുഷന് പാന്റിന്റെ സിപ് തുറക്കുന്നതും പോക്സോ നിയമപ്രകാരമുള്ള ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം.
ലൈംഗികമായി പിഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു പ്രതി പെണ്‍കുട്ടിയുടെ വീട്ടിലേക്കു വന്നതെന്നു പ്രോസിക്യൂഷന് പറയുന്നതിനു തെളിവില്ലെന്നാണു ജസ്റ്റിസ് പുഷ്പ ഗനേഡിവാല പറഞ്ഞത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശാരീരിക ബന്ധം ഉണ്ടായെന്നതു തെളിയിക്കാനായില്ലെന്നും ഹൈക്കോടതി പറഞ്ഞു.’ഇരയുടെ കൈകളില്‍ പിടിച്ചെന്നതോ പ്രതി പാന്റിന്റെ സിപ് ഊരിയെന്നതോ ആണ് പ്രോസിക്യൂഷന് സാക്ഷിയായ പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയത്.
ഇത് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നതല്ല. ലഭ്യമായ വസ്തുതകള്‍ പ്രതിക്ക് (ലിബ്നുസ്) എതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ മതിയായതല്ല. മറ്റു കേസുകളൊന്നുമില്ലെങ്കില്‍ പ്രതിയെ വെറുതെ വിടാം’- ജസ്റ്റിസ് പുഷ്പ ഗനേഡിവാല വ്യക്തമാക്കി.2018 ഫെബ്രുവരി 12ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ, പ്രതി പെണ്‍കുട്ടിയുടെ കൈകള്‍ പിടിച്ചുനില്ക്കുന്നതു കണ്ടുവെന്നാണു പ്രോസിക്യൂഷന് കേസ്. പാന്റിന്റെ സിപ് തുറന്ന പ്രതി കൂടെക്കിടക്കാന്‍ ക്ഷണിച്ചതായും മകള്‍ തന്നോടു പറഞ്ഞുവെന്നു കീഴ്ക്കോടതിയില്‍ കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.