അപകടത്തില്‍ മരിച്ച യുവതിയെആശുപത്രിയിലെത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവര്‍
മറ്റൊരപകടത്തില്‍ മരിച്ചു
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍ മരിച്ചു. ജോമോള്‍, തമ്പി എന്നിവരാണ് ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ നടന്ന വ്യത്യസ്ത അപകടങ്ങളില്‍ മരണപ്പെട്ടത്.
രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യ അപകടമുണ്ടായത്. തൃശൂര്‍ രജിസ്ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. സഹോദരങ്ങളായ ജോമോള്‍, സാന്‍ജോ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.
കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോഴേ യുവതി ചലനമറ്റിരുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇവരെ ഉടനെ തന്നെ തമ്പിയുടെ ഓട്ടോയില്‍ ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് അയച്ചു.
യുവതിയെ ആശുപത്രിയിലാക്കി തിരികെ വരവേ മരട് കൊട്ടാരം ജങ്ഷനില്‍ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറുകയറിയാണ് തമ്പി മരണമടഞ്ഞത്. തൃപ്പൂണിത്തുറ സ്വദേശിയാണ് ഇദ്ദേഹം.
കാറപകടത്തില്‍ പരിക്കേറ്റ സാന്‍ജോ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.