അഭ്യൂഹങ്ങൾ പെറ്റുപെരുകുന്നു, ഉമ്മൻചാണ്ടി തിരുവനന്തപുരത്ത്, പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മൻ നിഷേധിച്ച് മുൻ മുഖ്യമന്ത്രി..
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി വിട്ട് താൻ തിരുവനന്തപുരത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഉമ്മൻചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണെന്നും, ആജീവനാന്തം മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം കേരള കൗമുദിയോട് വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.പുതുപ്പള്ളി വിട്ട് ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു. ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുകയാണെങ്കിൽ തെക്കൻ കേരളത്തിൽ വൻചലനം സൃഷ്ടിക്കാൻ കോൺഗ്രസിന് സാധിക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനെ നിറുത്തി സീറ്റ് ഭദ്രമാക്കാനും കോൺഗ്രസിൽ ആലോചന പുരോഗമിക്കവെയാണ്, അതെല്ലാം തള്ളി ഉമ്മൻചാണ്ടി തന്നെ രംഗത്തുവന്നത്.നേമം, തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് എന്നിവയിലേതെങ്കിലും ഒന്നിൽ ഉമ്മൻചാണ്ടിയെ ഇറക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യം. ഉമ്മൻചാണ്ടിയെ കൊണ്ടുവരുന്നതിലൂടെ തെക്കൻ കേരളത്തിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാമെന്നും, ബിജെപിയുടെ കുതിപ്പ് തടയാൻ സാധിക്കുമെന്നും വിലയിരുത്തലുണ്ട്.അതേസമയം, എവിടെ മത്സരിച്ചാലും ഉമ്മൻചാണ്ടി ജയിക്കുമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനാണ് മുല്ലപ്പള്ളിക്ക് താൽപര്യമെന്നാണ് അറിയുന്നത്.