ബേക്കലിനെ തലോടുന്ന അധികാരികൾ ചന്ദ്രഗിരിക്കോട്ടയുടെ ഒരു ഭാഗം തകര്‍ന്നത് അറിഞ്ഞിട്ടില്ല, ജില്ലാ കളക്ടരുടെ ഇടപെടൽ കാത്ത് നാട്ടുകാർ
കാസര്‍കോട് : നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചന്ദ്രഗിരിക്കോട്ട തകര്‍ച്ചയുടെ വക്കിലായത് സർക്കാർ അറിഞ്ഞമട്ടില്ല. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ മേല്‍പറമ്പ് ടൗണിന് സമീപത്തെ ഈ കോട്ടയുടെ നവീകരണത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും കാഴ്ചയില്‍ ഒന്നും കാണാനില്ല.
ചരിത്ര താളുകളില്‍ ഇടം നേടിയിട്ടുള്ള ചന്ദ്രഗിരിക്കോട്ട സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ കോട്ടയുടെ ദുരവസ്ഥ കണ്ട് നിരാശരായിട്ടാണ് മടങ്ങുന്നത്. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കോട്ട ഓര്‍മകളില്‍ മാത്രമാകും.ചന്ദ്രഗിരിക്കോട്ടയുടെ കവാടം മഴയില്‍ തകര്‍ന്നിട്ട് മാസങ്ങളായി. എന്നാല്‍ ഇതുവരെ നവീകരിച്ചില്ല. കോവിഡിനെ തുടര്‍ന്നു അടച്ചുപൂട്ടിയ സമയത്താണ് കോട്ടയുടെ പ്രധാന കവാടത്തിന്റെ ഭാഗം തകര്‍ന്നത്. കല്ലുകള്‍ നിലം പൊത്തിയ നിലയിലാണ്. ഗേറ്റും തകര്‍ന്നു. കോട്ടയുടെ പല ഭാഗവും കാട് മൂടിയ നിലയിലാണ്.
ഈ മാസം മുതലാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു കൊടുത്തത്. കോട്ടയുടെ തകര്‍ന്ന ഭാഗം അപകടാവസ്ഥയിലാണ്. ഇതിനോട് ചേര്‍ന്നുള്ള മറ്റു ഭാഗങ്ങളും നിലംപൊത്താന്‍ സാധ്യതയേറെയാണ്. 2006ല്‍ നവീകരണത്തിന്റെ ഭാഗമായി കെട്ടിയ ഭാഗമാണ് തകര്‍ന്നിട്ടുള്ളത്.
കാടുകയറി നശിക്കുന്നുകോട്ടയുടെ തകര്‍ന്ന കവാടത്തിലൂടെ അകത്തേക്ക് കയറിയാല്‍ നടപ്പാതയില്‍ വരെ കാടാണ്. കോവിഡിനു മുന്‍പു നിറയെ ചെടികള്‍ വച്ചുപിടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം നശിച്ചു. ആഴ്ചയില്‍ 3 ദിവസം കോട്ടയുടെ അകവും പുറവും ശുചീകരിക്കുന്നതിനായി കുടുംബശ്രീയെ എല്പ്പിച്ചിരുന്നു. എന്നാല്‍ കോട്ടയുടെ അകത്ത് നിറയെ പ്ലാസ്റ്റിക് കുപ്പികളാണുള്ളത്.കാട് നിറഞ്ഞിരിക്കുന്നതിനാല്‍ കുടുംബസമേതം കോട്ട കാണാനെത്തുന്നവര്‍ക്കും ഭയമാണ്. കാടുകള്‍ വൃത്തിയാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. വൈദ്യുതി കണക്ഷന് ഉണ്ടെങ്കിലും ബള്‍ബുകള്‍ ഒന്നുമില്ല. രാവിലെ 9 മുതല്‍ 5 വരെയാണ് കോട്ടയിലേക്കുള്ള പ്രവേശന സമയം.സ്ഥലം അളന്നു തിട്ടപ്പെടുത്തിയില്ലകോട്ടയ്ക്ക് 7.76 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി തിരിച്ചിട്ടില്ല. ഇതിലേറെ സ്ഥലമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. കയ്യേറ്റങ്ങളും മണ്ണെടുക്കലും ഇവിടെ പതിവായിരുന്നു.
കോട്ടയുടെ അധിനീതയിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിക്കണമെന്നാണ് കോട്ട സംരക്ഷകര്‍ ആവശ്യപ്പെടുന്നത്.
ടൂരിസവുമായി ബന്ധപ്പെട്ട് അളവറ്റ സാധ്യതകളുള്ള ഈ കോട്ടയുടെ നവീകരണത്തിനും സംരക്ഷണത്തിനും ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബുവിന്റെ അടിയന്തിര ശ്രദ്ധ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.